കട്ടിങ്ങ് മെഷിന്‍ ഉപയോഗിച്ച് യുവാവിനെ മുറിവേല്‍പ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

കോഴിക്കോട് : യുവാവിനെ കട്ടിങ്ങ് മെഷിന്‍ ഉപയോഗിച്ച് മുറിവേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കുന്നുപുറത്ത് ഹൗസില്‍ ഹരിഹരപണിക്കര്‍ (54) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാവൂര്‍ സ്വദേശി മണ്ണില്‍ തൊടി അബൂബക്കറിന്റെ മകന്‍ ഹക്കിമിനെയാണ് ഇയാള്‍ പരിക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ ഇയാളെ ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് നടക്കാവ് സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വലിയങ്ങാടി മേല്‍പ്പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഹക്കിമും, ഹരിഹരനും ഒരുമിച്ച് കൂലിപണി എടുത്തു വരികയായിരുന്നു. ജോലിയുമായി ഉണ്ടായ വാക്കു തര്‍ക്കമാണ് കട്ടിങ്ങ് മെഷിന്‍ കൊണ്ട് ഹരിഹരന്‍ കുത്തി പരിക്കേല്‍പ്പിക്കുന്നതിലെത്തിച്ചത്. ഹക്കീമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.