കോഴിക്കോട് പെണ്‍വാണിഭം ;വിദേശത്തേക്ക് കടന്ന പ്രതികള്‍ പിടിയില്‍

കോഴിക്കോട് : പെരുവണ്ണാമൊഴിയിലെ സ്‌കൂള്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭകേസില്‍ വിദേശത്തേക്ക് കടന്ന നാലു പ്രതികളില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്നിയങ്കര സ്വദേശി ജുനൈസ്, എടത്തുങ്കര സ്വദേശി ഷാഫി മുഹമ്മദ്, സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. ദോഹയില്‍ നിന്ന് നാട്ടിലെത്തിച്ച പ്രതികളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അനേ്വഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ബഹറൈനില്‍ നിന്ന് പുലര്‍ച്ചെ 3.20 ന് എത്തിയ എയര്‍ഇന്ത്യാ എക്‌സ്പ്രസ്സിലായിരുന്നു പ്രതികളെ നാട്ടിലെത്തിച്ചത്. വിമാനത്താവളത്തില്‍ വെച്ച് തന്നെ പോലീസ് സംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി.

മാധ്യമങ്ങളിലൂടെ പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസ് ശ്രദ്ധയില്‍പെട്ട പ്രവാസി സംഘമാണ് ഇക്കാര്യം എംബസിയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് എംബസി വഴി പ്രതികളെ നാട്ടിലെത്തിക്കുകയായിരുന്നു. അതേസമയം പീഡനകേസിലെ പ്രതികളിലൊരാളായ അന്‍സാര്‍ ഇപ്പോഴും ഷാര്‍ജയിലാണ്. എസ്പി അഷറഫിന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘമാണ് പ്രതികളെ കരിപ്പൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.