കൊട്ടിയൂര്‍ പീഡനക്കേസ്; 2 കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി

കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിൽ പ്രതികളായ മൂന്നുപേർ കൂടി കീഴടങ്ങി. മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ കന്യാസ്ത്രീമാരായ ഡോ. സി. ടെസി ജോസ്, സി.ആന്‍സി മാത്യു, ഡോ ഹൈദരാലി എന്നിവരാണ് പേരാവൂര്‍ സി.ഐ. എന്‍ സുനില്‍കുമാര്‍ മുന്‍പാകെ കീഴടങ്ങിയത്.

രാവിലെ 6.35ഓടെയാണ് മൂവരും കീഴടങ്ങാനെത്തിയത്. അഞ്ചുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് പോക്സോ കോടതി ഇവരോട് നിര്‍ദേശിച്ചിരുന്നു.

ഇതോടെ കേസിലെ പത്ത് പ്രതികളില്‍ എട്ടു പേരെയും അറസ്റ്റ് ചെയ്തു. ഇനി ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് അറസ്റ്റിലാകാനുള്ളത്.