കോട്ടയം കസ്‌റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Untitled-1 copyതിരുവനന്തപുരം: കോട്ടയം മരങ്ങാട്ടു പള്ളിയില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ യുവാവ്‌ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയാണ്‌ നിയമസഭയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്‌. മോശമായി പെരുമാറിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കൊല്ലപ്പെട്ട സിബിയുടെ കുടുംബത്തിന്‌ മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും ധനസാഹയം നല്‍കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

സംഭവത്തില്‍ പോലീസിന്‌ വീഴ്‌ച സംഭവിച്ചതായി കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഏത്‌ ഏജന്‍സി അന്വേഷണം നടത്തണമെന്ന കാര്യം സര്‍ക്കാറിന്‌ തീരുമാനിക്കാമെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിബിയുടെ മരണം സംബന്ധിച്ച്‌ പോലീസിന്റെ വാദങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന്‌ അടിയന്തിര സഹായം നല്‍കണമെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ്‌ പോലീസ്‌ കസ്‌റ്റഡിയിലിരിക്കെ സാരമായി പരിക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ച പാറയ്‌ക്കല്‍ പി വി സിബി(40) മരിച്ചത്‌.

സിബിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.