തൊഴിലിന്റെ മഹത്വം ഓര്‍മ്മിപ്പിച്ച്‌ ഒരുക്കുങ്ങല്‍ പഞ്ചായത്തംഗം അയ്യപ്പേട്ടന്‍

kottakkal copyമുമ്പ്‌ ഇന്ത്യയില്‍ നിന്നും ബ്രിട്ടണ്‍ കാണാനെത്തിയ മന്ത്രിമാരടങ്ങിയ രാഷ്ട്രീയ പ്രതിനിധികളോട്‌ അന്നത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ചോദിച്ചെത്രെ എന്താണ്‌ നിങ്ങളുടെ ജോലി? ഇത്‌ കേട്ട്‌ അമ്പരന്ന നമ്മുടെ മന്ത്രിമാരടങ്ങിയ സംഘം മറുപടിപറഞ്ഞു രാഷ്ട്രീയമാണ്‌ തൊഴിലെന്ന്‌. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ചോദ്യമാവര്‍ത്തിച്ചപ്പോഴും ഉത്തരം അതുതന്നെയായിരുന്നു. ഇത്‌ കേട്ട്‌ അദ്‌ഭുതപ്പെട്ട അദേഹം ചോദിച്ചത്രെ നിങ്ങള്‍ തൊഴിലൊന്നും ചെയ്യാതായാണോ ജീവിക്കുന്നത്‌ എന്ന്‌. എന്നാല്‍ നമ്മുടെ നാട്ടില്‍ ഈ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊഴിലിന്റെ മാഹാത്മ്യം ഉള്‍ക്കൊണ്ട്‌ തൊഴിലും പൊതുപ്രവര്‍ത്തനവും ഒരുമിച്ച്‌ കൊണ്ടുനടക്കുന്ന നിരവധിപേര്‍ ജയിച്ചിട്ടുണ്ട്‌. അവരിലൊരാളാണ്‌ ഒതുക്കുങ്ങലെ അയ്യപ്പേട്ടന്‍ .

കോട്ടക്കല്‍ നഗരസഭയിലെ താല്‍ക്കാലിക തൂപ്പുകാരനായ അയ്യപ്പന്‍ തൊട്ടടുത്ത പ്രദേശമായ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ മെമ്പറാണ്‌. രണ്ടാം വാര്‍ഡില്‍ നിന്നും മുസ്ലീംലീഗ്‌ പ്രതിനിധീകരിച്ചാണ്‌ അയ്യപ്പന്‍ ജനപ്രതിനിധിയായത്‌.

മെമ്പറാണെങ്കിലും തന്റെ ശുചീകരണപ്രവൃത്തിക്ക്‌ ഭംഗം വരുത്താന്‍ അയ്യപ്പന്‍ തയ്യാറല്ല. വാര്‍ഡിലെ മിക്ക പരാതികള്‍ക്കും പരിഹാരം കണ്ടെതിനു ശേഷമാണ്‌ ഇദ്ധേഹം ചൂലുമായി കോട്ടക്കല്‍ നഗരസഭ തൂത്തുവാരാനിറങ്ങുന്നത്‌. മൂന്നുവര്‍ഷത്തോളമായി നഗരസഭയിലെ ശൂചീകരണ തൊഴിലാളിയാണ്‌ അയ്യപ്പന്‍.

ആദ്യമായാണ്‌ വോട്ടുതേടിയിറങ്ങിയതെങ്കിലും സുപരിചിതനായ അയ്യപ്പനെ വോട്ടര്‍മാര്‍ കൈവിട്ടില്ല. നഗരസഭയിലെ ശൂചീകരണ ജോലി കഴിഞ്ഞാല്‍ സമയം കളയാതെ ആത്മാര്‍ഥതയുള്ള മെമ്പര്‍ തന്റെ വാര്‍ഡിലേക്ക്‌ തന്നെ തിരിച്ചുപോവും. തന്നെ ജയിപ്പിച്ചുവിട്ട നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധി തേടാന്‍.