ജില്ലയുടെ പൈതൃകങ്ങളെ തൊട്ടറിയാന്‍ ദര്‍ശന്‍ യാത്രയുമായി വിദ്യാര്‍ഥികള്‍

Untitled-1 copyകോട്ടക്കല്‍: നാടിന്റെ പോയകാലങ്ങളിലെ സംഭവവികാസങ്ങള്‍ അടുത്തറിയാന്‍ ദര്‍ശന്‍ യാത്രയുമായി പുതുപ്പറമ്പ്‌ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ജില്ലയിലെ ചരിത്ര സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക്‌ ഇന്ന്‌ തുടക്കമാവും. പുതുപ്പറമ്പിലെ ഗാന്ധിദര്‍ശന്‍ സമിതിയുടെ നേതൃത്വത്തിലാണ്‌ യാത്ര സംഘടിപ്പിക്കുന്നത്‌.

തിരുന്നാവായ, തുഞ്ചന്‍പറമ്പ്‌, മലയാളം സര്‍വകലാശാല, തവനൂര്‍ കേളപ്പജി സ്‌മാരകം, വ്യദ്ധസദനം, കാര്‍ഷിക സര്‍വകലാശാല, തിരൂരങ്ങാടി,മമ്പുറം,കൊണ്ടോട്ടി, പൂക്കോട്ടൂര്‍ എന്നീ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള യാത്ര ജനുവരി രണ്ടിനാണ്‌ സമാപിക്കുക.യാത്രയില്‍ അധ്യാപകരും കുട്ടികളെ അനുഗമിക്കും.

ജില്ലയിലെ തലമുതിര്‍ന്നവര്‍ ഓര്‍ത്തെടുക്കുന്ന പഴയകാല സംഭവവികാസങ്ങള്‍ വിദ്യാര്‍ഥികള്‍ ശേഖരിക്കും. അതുപോലെ മതസൗഹാര്‍ദ്ധത്തിന്റെ നാട്ടുവിവരങ്ങളും ചരിത്രശേഷിപ്പുകളുടെ ആരും പറയാത്ത കഥകളും വിദ്യാര്‍ഥികള്‍ ശേഖരിക്കും. പിന്നീട്‌ യാത്രയില്‍ ലഭിക്കുന്ന ജില്ലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വിശേഷങ്ങള്‍ പതിപ്പായി പ്രസിദ്ധീകരിക്കാനാണ്‌ പദ്ധതി. ഓരോ പ്രദേശത്തെയും കുറിച്ചുള്ള ഫോട്ടോ സഹിതമുള്ള സമ്പൂര്‍ണ വിവരങ്ങള്‍ പതിപ്പില്‍ ഉള്‍ക്കൊള്ളിക്കും.