വാളക്കുളം സ്‌കൂള്‍ സണ്‍ഡേ ഫാമിംഗ്‌ കൊയ്‌ത്തുത്സവത്തിന്‌ തുടക്കമായി

paddyകോട്ടക്കല്‍: പൂക്കിപ്പറമ്പ്‌ വാളക്കുളം കെഎച്ച്‌എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സണ്‍ഡേ ഫാമിംഗ്‌ നെല്‍കൃഷി നേരിട്ടുകാണാന്‍ കൃഷിമന്ത്രി നേരിട്ടെത്തി. ഞായറാഴ്‌ച്ചകളില്‍ പൂക്കിപ്പറമ്പ്‌-വാളക്കുളം പാടത്ത്‌ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സണ്‍ഡേ ഫാമിംഗ്‌ നെല്‍കൃഷി കൊയ്‌ത്തുത്സവ ഉദ്‌ഘാടനത്തിനാണ്‌ മന്ത്രി കെ പി മോഹനന്‍ എത്തിയത്‌. സ്‌കൂളിലെ ദേശീയ ഹരിതസേനയുടെ നേതൃത്വത്തില്‍ മൂന്നേക്കര്‍ പാടശേഖരത്തിലാണ്‌ കൃഷിയിറക്കിയത്‌. അന്താരാഷ്ട മണ്ണ്‌ വര്‍ഷാചരണത്തിന്റെ ഭാഗമായി എന്റെ അന്നം എന്റെ ഉന്നം എന്ന പ്രമേയത്തിലടിസ്ഥാനത്തിലായിരുന്നു കൃഷിയിറക്കിയത്‌. സംസ്ഥാന കൃഷി വകുപ്പ്‌ നല്‍കിയ ജ്യോതി, ഉമ എന്നീ നെല്ലിനങ്ങളാണ്‌ വിദ്യാര്‍ഥികള്‍ കൃഷിക്കായി ഉപയോഗിച്ചത്‌. 2015 നവംബര്‍ മാസത്തില്‍ ഒഴിവുദിനങ്ങള്‍ മാറ്റിവെച്ചുള്ള കുട്ടികള്‍ നടത്തിയ മുണ്ടകന്‍ കൃഷിയില്‍ നിന്ന്‌ 1500 കിലോ നെല്ലാണ്‌ വിളവ്‌ പ്രതീക്ഷിക്കുന്നത്‌. വിദ്യാര്‍ഥികളുടെ കാര്‍ഷിക രംഗത്തേക്കുള്ള കാല്‍വെപ്പിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങില്‍ അഷ്‌റഫ്‌ തെന്നല, ടി വി നൗഷാദ്‌, കുഞ്ഞാപ്പുഹാജി, അബ്ബാസ്‌, കെപി ഷാനിയാസ്‌, ആബിദ്‌, അതീഫ്‌, മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു.