വാളക്കുളം സ്‌കൂളില്‍ നാട്ടുചന്തക്ക്‌ തുടക്കമായി

valakkulam schoolകോട്ടക്കല്‍: പഴയകാല ഓര്‍മകളില്‍ തിളങ്ങിനിന്നിരുന്ന നാട്ടുചന്തയെ സ്‌കൂള്‍ മുറ്റത്ത്‌ പുനര്‍സൃഷ്ടിച്ച്‌ വാളക്കുളം കെഎച്ച്‌എംഎച്ച്‌എസ്‌എസില്‍ ദേശീയ ഹരിത സേന സംഘടിപ്പിച്ച നാട്ടുചന്ത ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. അടുക്കളയെ തിരിച്ചു പിടിക്കാം, രോഗങ്ങള്‍ അകറ്റാം എന്ന പ്രമേയത്തിലാണ്‌ വാളക്കുളം സ്‌കൂളില്‍ പ്രതിമാസ ചന്തക്ക്‌ തുടക്കമായത്‌.

നാട്ടുകാരും രക്ഷിതാക്കളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ്‌ നാട്ടുചന്ത സന്ദര്‍ശിച്ചത്‌. വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്നും വിളയിച്ചെടുത്ത പച്ചക്കറികള്‍,വിത്തുകള്‍,വീട്ടിലുണ്ടാക്കിയ പലഹാരങ്ങള്‍,അച്ചാറുകള്‍,വീട്ടില്‍ തയ്യാര്‍ ചെയ്‌ത മസാല പൊടികള്‍, കാര്‍ഷിക ഉപകരണങ്ങള്‍,ചെടികള്‍, നാട്ടുമത്സ്യങ്ങള്‍, വെളിച്ചെണ്ണ, നാടന്‍ കോഴികള്‍ തുടങ്ങിയ ഒട്ടേറെ നാടന്‍ വിഭവങ്ങളാണ്‌ നാട്ടുചന്തയില്‍ വിറ്റഴിച്ചത്‌. നാട്ടുചന്ത മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ പി ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.

അന്താരാഷ്ട മണ്ണുസംരക്ഷണ ദിനത്തില്‍ തുടക്കമായ നാട്ടുചന്ത പ്രതിമാസചന്തയായി തുടരാനാണ്‌ സ്‌കൂള്‍ അധികൃതരുടെയും വിദ്യാര്‍ഥികളുടെയും തീരുമാനം. തെന്നല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എംപി കുഞ്ഞിമൊയ്‌തീന്‍,സലീന കരുമ്പില്‍,എ സുഹൈല്‍,അഷ്‌റഫ്‌ തെന്നല, കെ അബ്ദുല്‍ ഗഫൂര്‍, ജിഫ്രിതങ്ങള്‍, ഇ കെ അബ്ദുറസാഖ്‌, ബി രഞ്‌ജിത്ത്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.