കോട്ടക്കല്‍ നഗര സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി റോഡു വീതി കൂട്ടുന്നു

ROAD_WORKകോട്ടക്കല്‍: ചെങ്കുവെട്ടി മുതല്‍ പൂത്തൂര്‍ വരെയുള്ള റോഡു വീതി കൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യപടിയായി ചെങ്കുവെട്ടി മുതല്‍ പൂത്തൂര്‍ വരെയുള്ള റോഡരികിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ തിരൂര്‍ സര്‍വേയറുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്‌. കോട്ടക്കല്‍ വ്യാപാരസ്ഥാപനങ്ങള്‍ വ്യാപകമായി റോഡു കയ്യേറിയതായി മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ നഗരസഭാധികൃതരാണ്‌ കയ്യേറ്റം ഒഴിപ്പിച്ച്‌ റോഡുവീതി കൂട്ടുന്ന നടപടികള്‍ ആരംഭിക്കുന്നത്‌.

നിലവില്‍ ഒരു വശത്തു മാത്രമുള്ള ഐറിഷ്‌ മോഡല്‍ ഓട മറുവശത്തും നിര്‍മിക്കും. ഇതിനായുള്ള അപേക്ഷ നഗരസഭാധ്യക്ഷന്‍ കെകെ നാസര്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍വേ നടക്കുന്നത്‌. സൗന്ദര്യവത്‌ക്കരണത്തിന്റെ ഭാഗമായാണ്‌ കോട്ടക്കലില്‍ റോഡു വീതി കൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്നത്‌.

നിലവില്‍ ചെങ്കുവെട്ടി മുതല്‍ ചെനക്കല്‍ വരെയുള്ള ഭാഗത്ത്‌ 5 കോടി ചെലവില്‍ റോഡുവീതികൂട്ടല്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്‌. നിലവിലെ നഗരസഭാധ്യക്ഷന്‍ കെ കെ നാസറിന്റെ നിവേദന പ്രകാരമാണ്‌ ചെനക്കല്‍ വരെയുള്ള ഭാഗത്തെ നവീകരണപ്രവൃത്തികളും ദേശീയപാത അധികൃതര്‍ ആരംഭിച്ചത്‌.