അത്യപൂര്‍വ്വ സസ്യങ്ങളെ കണ്ടെത്തി

Zingiber sabuanum 2കോട്ടക്കല്‍: പശ്ചിമഘട്ടത്തിലെ സുപ്രധാന മലനിരകളില്‍ പെടുന്നതും ജൈവസമ്പത്തിനാല്‍ സമ്പുഷ്ടവുമായ ധോണികാടുകളില്‍ നിന്നും അത്യപൂര്‍വ്വ ഇനത്തില്‍ പെട്ട രണ്ടു സസ്യങ്ങളെ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കീഴിലുള്ള ഔഷധസസ്യഗവേഷണ കേന്ദ്രത്തിലെ സസ്യവര്‍ഗ്ഗീകരണവിഭാഗം ശാസ്‌ത്രജ്ഞനായ ഡോ. കെ എം പ്രഭുകുമാറിന്റെയും കേന്ദ്രം ഡയറക്ടര്‍ ഡോ. ഇന്ദിര ബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ്‌ സസ്യങ്ങളെ ശാസ്‌ത്രലോകത്തിന്‌ മുമ്പില്‍ എത്തിച്ചത്‌.

സുപ്രധാന ഔഷധസസ്യകുടുംബമായ സിഞ്ചിബറേസിയയിലെ ഇഞ്ചി ജനുസ്സില്‍ പെട്ട സസ്യത്തെയാണ്‌ 2009 ല്‍ ഡോ. പ്രഭുകുമാര്‍ ധോണികാടുകളില്‍ നിന്നും കണ്ടെത്തിയത്‌. മറൂണ്‍ നിറത്തില്‍ വെള്ളയും ഓറഞ്ചും ചുവപ്പും കുത്തുകളും വരകളും നിറഞ്ഞ ഭംഗിയുള്ള പൂവുകള്‍ ഈ സസ്യത്തിന്റെ പ്രത്യേകതയാണ്‌. വളരെ നീളത്തില്‍ വളരുന്ന ഭൂകാണ്ഡം മറ്റുള്ള ഇഞ്ചികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. മെയ്‌ മാസത്തില്‍ മുളച്ചുതുടങ്ങുന്ന ചെടികള്‍ ജൂണ്‍-ജൂലായ്‌ മാസത്തിലാണ്‌ പുഷ്‌പിക്കുന്നത്‌. ഒരു മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഈ സസ്യങ്ങള്‍ നിത്യഹരിതവന പ്രദേശത്താണ്‌ കാണപ്പെടുന്നത്‌. തുടര്‍പഠനങ്ങള്‍ ഈ സസ്യം ലോകത്തില്‍ ഇന്നു വരെ കണ്ടെത്തിയിട്ടുള്ള മറ്റു ഇഞ്ചികളില്‍ നിന്നും തികച്ചും വിഭിന്നമാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തു.

സസ്യങ്ങളുടെ വര്‍ഗ്ഗീകരണത്തില്‍ ലോകപ്രസിദ്ധനും ഇന്ത്യയിലെ ഇഞ്ചിവര്‍ഗ്ഗങ്ങളുടെ വര്‍ഗ്ഗീകരണത്തില്‍ സുപ്രധാന പങ്കുവഹിക്കുകയും നിരവധി സസ്യങ്ങളെ ഇന്ത്യയില്‍ നിന്നും കണ്ടെത്തുകയും ചെയ്‌തിട്ടുള്ള കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ബോട്ടണിവിഭാഗം പ്രൊഫസറായ ഡോ. എം സാബുവിനോടുള്ള ബഹുമാനാര്‍ഥം ഈ പുതിയ സസ്യത്തിന്‌ സിഞ്ചിയര്‍ സാബുവാനം എന്നാണ്‌ ശാസ്‌ത്രീയമായി നാമകരണം ചെയ്‌തിട്ടുള്ളത്‌. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം ഗവേഷകനായ ഡോ. ആല്‍ഫ്രഡ്‌ ജോയും ഈ സസ്യത്തിന്റെ കണ്ടെത്തലില്‍ പങ്കുവഹിച്ചിട്ടുണ്ട്‌.

ധോണി മലനിരകളുടെ ഭാഗമായ എലിവാല്‍ കുന്നുകളില്‍ നിന്ന്‌ 2013 ലാണ്‌ ഡോ. കെഎം പ്രഭുകുമാറിന്റെയും കേരള വനഗവേഷണകേന്ദ്രത്തിലെ ശാസ്‌ത്രജ്ഞരായ ഡോ. വി ബി ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം ഹബനേറിയ ജനുസ്സില്‍ പെടുന്ന ഓര്‍ക്കിഡ്‌ സസ്യത്തെ കണ്ടെത്തുന്നത്‌. തുടര്‍ന്ന്‌ ഈ ജനുസ്സുകളെ കുറിച്ച്‌ ആധികാരികമായി പഠനം നടത്തുന്ന ഹോങ്‌കോങിലെ ഡോ. പങ്കജ്‌ കുമാറിന്റെയും സഹായത്തോടെ ഇവ ലോകത്തില്‍ ഈ ജനുസ്സില്‍ പെടുന്ന മറ്റു സസ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണെന്ന്‌ കണ്ടെത്തുകയും സഹ്യാദി മലനിരകളെ ഓര്‍മിച്ചു കൊണ്ട്‌ ഈ സസ്യത്തിന്‌ ഹബനേറിയ സഹ്യാദ്രിക്ക എന്ന്‌ നാമകരണം ചെയ്യുകയും ചെയ്‌തു. ആരേയും ആകര്‍ഷിക്കുന്ന മനോഹരമായ ഇളം പച്ചയും വെള്ളയും കലര്‍ന്ന്‌ പൂക്കള്‍ ഇവയുടെ പ്രത്യേകതയാണ്‌. സമുദ്രനിരപ്പില്‍ നിന്നും 5400 അടി മുകളില്‍ കാണപ്പെടുന്ന ഇല ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ്‌ പുഷ്‌പിക്കുന്നത്‌.

ഈ രണ്ടു പഠനഫലങ്ങളും വിശദമായ പരിശോധനകള്‍ക്കു ശേഷം ശാസ്‌ത്രലോകം അംഗീകരിക്കുകയും ന്യൂസിലാന്റില്‍ നിന്നു പ്രസിദ്ദീകരിക്കുന്ന മികച്ച സസ്യവര്‍ഗ്ഗീകരണ ജേര്‍ണലായ ഫെറ്റോടാക്‌സോയില്‍ പ്രസിദ്ദീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. തൃശൂര്‍ വനഗവേഷണകേന്ദ്രം ഗവേഷകനായ ടി കെ നിര്‍മേഷ്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം ഗവേഷകനായ വി എസ്‌ ഹരീഷ്‌ എന്നിവരും ഈ ഓര്‍ക്കിഡ്‌ സസ്യത്തിന്റെ കണ്ടെത്തലില്‍ പങ്കുവഹിക്കുന്നുണ്ട്‌.
പുതുതായ കണ്ടെത്തിയ രണ്ടു സസ്യങ്ങള്‍