ദേശീയപാത സ്ഥലമെടുപ്പ്‌ ; കോട്ടക്കല്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുന്നു

 Untitled-1 copy കോട്ടക്കല്‍: കോട്ടക്കലിലെ ദേശീയപാത വികസന സ്ഥലമെടുപ്പ്‌ ഓഫീസ്‌ കാലാവധി ഈ മാസത്തോടെ അവസാനിക്കും. നേരത്തെ കോട്ടക്കലിലെ താല്‍ക്കാലിക ഓഫീസിന്റെ അനുമതി ആറുമാസത്തേക്കാണ്‌ നല്‍കിയിരുന്നത്‌. ജില്ലാ കളക്ടറുടെ ശുപാര്‍ശ കത്തിന്റെ പിന്‍ബലത്തില്‍ മൂന്നുമാസം കൂടി പ്രവര്‍ത്തനം തുടര്‍ന്ന ഓഫീസിന്റെ കാലവധി ഡിസംബറോടു കൂടിയാണ്‌ അവസാനിക്കുന്നത്‌.

ഇതോടെ ജനുവരി മാസം മുതല്‍ താല്‍ക്കാലിക ഓഫീസിന്റെ കീഴില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം മുടങ്ങുമെന്നുറപ്പായി. 2009 ല്‍ 52 പേരുമായി പ്രവര്‍ത്തനം തുടങ്ങിയ കോട്ടക്കല്‍ സ്ഥലമെടുപ്പ്‌ ഓഫീസില്‍ ഇപ്പോള്‍ 12 പേരിലൊതുങ്ങിയിരിക്കുകയാണ്‌. ബാക്കിയുള്ളവരെ മറ്റു ഓഫീസുകളിലെ ജോലികളിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. ഇപ്പോഴും 52 പേരുടെ ശമ്പളവും കോട്ടക്കല്‍ ഓഫീസിന്റെ കീഴില്‍ തന്നെയാണ്‌ വരുന്നത്‌.
സ്ഥലമെടുപ്പ്‌ ഓഫീസ്‌ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യവുമായി ധനകാര്യവകുപ്പ്‌ നേരത്തെ രംഗത്തു വന്നിരുന്നങ്കിലും തുടര്‍നടപടികളുണ്ടായില്ല. അനിശ്ചിതത്വത്തിലായ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഓഫീസ്‌ അടച്ചുപൂട്ടണമെന്നാണ്‌ ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ ഭൂമി നഷ്ടപ്പെടുന്നവരുടെ ആവശ്യം. എന്നാല്‍ ഓഫീസ്‌ നിലനിര്‍ത്തണോ അതോ അടച്ചുപൂട്ടണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അനിശ്ചിതത്വം തുടരുകയാണ്‌.

സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ പുതിയ വിജ്ഞാപനത്തിനായി കോട്ടക്കലിലെ ഓഫീസ്‌ വീണ്ടും കാത്തിരിപ്പ്‌ തുടരുകയാണ്‌. നിലവില്‍ നിയമസഭ തിരഞ്ഞെടുപ്പു കൂടി പടിവാതില്‍ക്കലെത്തിയതോടെ ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കാത്തിരിപ്പ്‌ നീളാനാണ്‌ സാധ്യത.