അശരണര്‍ക്ക്‌ താങ്ങായി എടരിക്കോട്ടെ സംഗീത കൂട്ടായ്‌മ

kottakkal copyകോട്ടക്കല്‍: അശരണരുടെ വേദനകളില്‍ സംഗീതത്തിന്റെ കുളിര്‍ക്കാറ്റുവീശുകയാണ്‌ എടരിക്കോട്‌ പുതുപറമ്പില്‍ നിന്നൊരു കൂട്ടായ്‌മ.
40 വര്‍ഷം മുമ്പ്‌ തുടക്കമിട്ട ഇശല്‍ പാട്ടുസംഘം എന്ന കൂട്ടായ്‌മ ഇന്നും സംഗീത സാന്ദ്രമായി നാട്ടില്‍ കാരുണ്യത്തിന്റെ നന്മകള്‍ നിറക്കുകയാണ്‌.
വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സംഘം വിവിധ വേദികളില്‍ പാട്ടരങ്ങ്‌ നടത്തുന്നുണ്ട്‌. ഇതില്‍ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച്‌ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയാണ്‌ ഈ കൂട്ടായ്‌മ.
ടിപി ആലിക്കുട്ടി ഗുരുക്കള്‍, എപി അബ്ദുറഹിമാന്‍, പി ബാപ്പു, പിഎ ഖാദര്‍ തുടങ്ങി പഞ്ചാരിക്കൂട്ടത്തിനു രൂപം നല്‍കിയ മാപ്പിള കലാ കുലപതികളെല്ലാം നിലവില്‍ മണ്‍മറഞ്ഞു. കഴിഞ്ഞ മാസം ഒന്നര ലക്ഷം രൂപ വൈലത്തൂരിലെ നാഷിദ്‌ എന്ന കൂട്ടിക്കു മജ്ജ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയക്കു നല്‍കിയിരുന്നു.
വര്‍ഷങ്ങള്‍ക്കപ്പുറത്ത്‌ പുതുപ്പറമ്പിലെ ഒരു പഴയ കെട്ടിടത്തില്‍ മെഴുകുതിരി വെട്ടത്തിലാണ്‌ പാട്ടിന്റെ കൂട്ടായ്‌മക്ക്‌ തുടക്കം കുറിച്ചത്‌. തുടക്കത്തില്‍ തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ്‌ ഈ കൂട്ടായ്‌മക്ക്‌ രൂപം കൊടുത്തത്‌. നിലവില്‍ സ്വന്തമായി പുതുക്കിയ കെട്ടിടവും വാദ്ധ്യോപകരണങ്ങളും ഉള്ള വലിയ മാപ്പിള കൂട്ടായ്‌മയായി സംഘം മാറി കഴിഞ്ഞിട്ടുണ്ട്‌. അനാഥകള്‍,വൃദ്ധര്‍, അഗതികള്‍ തുടങ്ങി നാനാതുറയിലുള്ളവര്‍ക്ക്‌ ചെറുതും വലുതുമായ കാരുണ്യത്തിന്റെ വിഹിതമെത്തിക്കുന്നതില്‍ ഈ കൂട്ടായ്‌മ ഇപ്പോഴും സജീവമാണ്‌.
മാപ്പിളപ്പാട്ടുകള്‍ക്കൊപ്പം ഹിന്ദിപാട്ടുകളും ഖവാലിയും അസ്വാദകരെ ആകര്‍ഷിക്കുന്നുണ്ട്‌്‌. കോല്‍ക്കളി, ഒപ്പന തുടങ്ങിയ കലകളില്‍ പുതുതലമുറക്കു പരിശീലനവും ഈ സംഘം നല്‍കുന്നുണ്ട്‌്‌.
പഴയതലമുറ സൂക്ഷിച്ച്‌ വെച്ച കാരുണ്യത്തിന്റെ കെടാവിളക്ക്‌ കെടാതെ സൂക്ഷിക്കുകയാണ്‌ പുതിയതലമുറ. മുഹമ്മദ്‌, എപി മുസ്‌തഫ, സൈഫാഖാന്‍ പുതുപറമ്പ്‌, ടി സി മുഹമ്മദ്‌ ഹാജി, എപി അബ്ദുള്ള ഹാജി തുടങ്ങിയവരാണ്‌ ഇപ്പോള്‍ കൂട്ടായ്‌മയെ നയിക്കുന്നത്‌.