കോട്ടക്കല്‍ നഗരസഭയിലെ ബസ്‌ സറ്റോപ്പുകള്‍ വൈഫൈ ആകുന്നു

Untitled-1 copyകോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയിലെ ബസ്‌ സ്‌റ്റോപ്പില്‍ വൈഫൈ സൗജന്യമായി ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ്‌ ഇതുസംബന്ധിച്ചുള്ള കമ്പനിയുടെ അപേക്ഷ കൗണ്‍സില്‍ പരിഗണിച്ചത്‌. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിലായി റിലയന്‍സിന്റെ ടവര്‍ ബസ്‌സ്റ്റോപ്പില്‍ സ്ഥാപിക്കും. മാര്‍ച്ച്‌ 31 വരെ മുഴുസമയവും തികച്ചും സൗജന്യമായി 10 mbps വേഗതയില്‍ ലഭ്യമാകും. മാര്‍ച്ച്‌ 31 ന്‌ ശേഷം നിശ്ചിത സമയം മാത്രമാണ്‌ സൗജന്യമായി ലഭിക്കുക. ബാക്കിയുള്ള സമയത്തെ ഉപയോഗത്തിന്‌ ചെറിയ തോതില്‍ പണമീടാക്കാനാണ്‌ റിലയന്‍സിന്റെ പദ്ധതി. ഇതിന്‌ പ്രത്യൂപകാരമായി ബസ്‌സ്റ്റോപ്പ്‌ പരിസരത്ത്‌ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കും. ടവറിന്‌ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതി നഗരസഭ നല്‍കേണ്ടിവരും. മാര്‍ച്ച്‌ 31 ന്‌ ശേഷം കമ്പനി നല്‍കുന്ന സൗജന്യ വൈഫൈയുടെ സമയം വര്‍ധിപ്പിച്ച്‌ നല്‍കണമെന്നാവശ്യപ്പെടാനും ഗുണഭോക്താക്കളില്‍ നിന്ന്‌ പണം ഈടാക്കുന്ന കമ്പനിയില്‍ നിന്ന്‌ കുറച്ച്‌ പണം ഈടാക്കാനും നഗരസഭാധികൃതര്‍ ആലോചിക്കുന്നുണ്ട്‌. കോട്ടക്കല്‍ നഗരസഭയിലെ തെരുവുനായകളെ നിയന്ത്രിക്കുന്നതിനായുള്ള നടപടിയെടുക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.ഇതിനായി നാചുറല്‍ ക്ലബ്ബ്‌ പ്രവര്‍ത്തകരുടെ സഹായം തേടും. നഗരസഭയുടെ അറിയിപ്പുകള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന കാര്യം കൗണ്‍സില്‍ സെക്രട്ടറിയുടെ തീരുമാനത്തിന്‌ വിട്ടു.തൊഴിലുറപ്പുകാര്‍ക്കായി കോട്ടക്കല്‍ നഗരസഭ കുടിശ്ശിക വരുത്തിയ ശമ്പളം മുഴുവനും ഉടന്‍ കൊടുത്തുതീര്‍ക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ നഗരസഭാധ്യക്ഷന്‍ കെ കെ നാസര്‍ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ബുഷ്‌റ ഷെബീര്‍, സെക്രട്ടറി മനോജ്‌, ടി വി സുലൈഖാബി, ടി വി മുംതാസ്‌, പി ഉസ്‌മാന്‍ കുട്ടി, സി പി സുബൈര്‍, കെ കമലം തുടങ്ങിയവര്‍ സംസാരിച്ചു.