കോട്ടക്കലിന്റെ അമരത്ത്‌ കെ കെ നാസര്‍ എത്തിയേക്കും

കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭാധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ ഇന്നു തീരുമാനമായേക്കും. നിലവില്‍ കോട്ടക്കല്‍ മുന്‍സിപ്പല്‍ ലീഗ്‌ പ്രസിഡണ്ടായ കെ കെ നാസറിനാണ്‌ കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്‌. ഇന്നലെ നടക്കേണ്ടിയിരുന്ന യോഗം അധ്യക്ഷ സ്ഥാനത്തേക്ക്‌ സാധ്യത കല്‍പിച്ചിരുന്ന രണ്ടുപേരിലൊരാളായ പി ഉസ്‌മാന്‍ കുട്ടിയുടെ മാതാവിന്റെ നിര്യാണത്തെ തുടര്‍ന്നാണ്‌ ഇന്നത്തേക്ക്‌ നീട്ടിയത്‌.

തിരെഞ്ഞെടുപ്പ്‌ ഫലമറിഞ്ഞ്‌ ദിവസങ്ങളായിട്ടും വ്യക്തമായ തീരുമാനമെടുക്കാന്‍ കോട്ടക്കല്‍ ലീഗ്‌ നേതൃത്വത്തിന്‌ കഴിഞ്ഞിരുന്നില്ല. കോട്ടക്കല്‍ ലീഗിലെ യുവനേതാവായ സാജിദ്‌ മങ്ങാട്ടിലിനെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്‌. അധ്യക്ഷ സ്ഥാനത്തേക്ക്‌ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന പി മൂസക്കുട്ടി ഹാജിയുടെ തിരെഞ്ഞെടുപ്പ്‌ പരാജയം കോട്ടക്കല്‍ ലീഗിലെ ഗ്രൂപ്പിസം വീണ്ടും പുറത്തുകൊണ്ടിരിക്കുകയാണ്‌. ഇദ്ദേഹം മത്സരിച്ച വലിയപറമ്പില്‍ ലീഗ്‌ നേരിട്ടത്‌ കനത്ത പരാജയമായിരുന്നു. കോട്ടക്കല്‍ ലീഗിലെ പ്രമുഖന്റെ പരാജയം സംബന്ധിച്ച വിശകലനം സജീവമായി നടന്നുവരികയാണ്‌. ഈ തോല്‍വി ലീഗ്‌ ഗ്രൂപ്പിസം സംബന്ധിച്ച ദുരൂഹതകളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്‌.

കഴിഞ്ഞ തവണ 25 സീറ്റുകള്‍ സ്വന്തമാക്കിയിരുന്ന ലീഗ്‌ ഇത്തവണ 20 ല്‍ ഒതുങ്ങി. നിലവിലെ 32 സീറ്റില്‍ എല്‍ഡിഎഫിന്‌ പത്തും ബിജെപിക്ക്‌ രണ്ടും സീറ്റുകളാണുള്ളത്‌. കഴിഞ്ഞ തവണ കോട്ടക്കല്‍ നഗരസഭയില്‍ അധ്യക്ഷപദവി സ്‌ത്രീസംവരണമായിരുന്നു.