കോട്ടയ്‌ക്കല്‍ മിംസില്‍ ഇന്ത്യയിലെ ആദ്യ ഭാഗിക മുട്ടുമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരം

mims KOTTAKKALകോട്ടയ്‌ക്കല്‍: മലബാര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ (മിംസ്‌) ഇന്ത്യയില്‍ ആദ്യമായി ഓക്‌സഫഡ്‌ മൊബൈല്‍ ബെയറിംഗ്‌ ഇംപ്ലാന്റ്‌ ഉപയോഗിച്ചുള്ള ഡേ കെയര്‍ ഭാഗിക മുട്ടുമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. യുഎഇയിലെ ഫുജൈയ്‌റയില്‍നിന്നുള്ള അന്‍പത്തെട്ടു വയസുകാരി ഐഷ സലീം ശസ്‌ത്രക്രിയയ്‌ക്കു ശേഷം അന്നു വൈകുന്നേരം തന്നെ ആശുപത്രി വിട്ടു. രാവിലെ ആറു മണിക്ക്‌ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌ത ഐഷയ്‌ക്ക്‌ സീനിയര്‍ ഓര്‍ത്തോപീഡിക്‌സ്‌ കണ്‍സള്‍ട്ടന്റ്‌ ഡോ. ഫൈയ്‌സല്‍ എം. ഇക്‌ബാലിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നരമണിക്കൂര്‍ നേരംകൊണ്ട്‌ ഭാഗിക മുട്ടുമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി. ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കുന്ന ഓക്‌സ്‌ഫഡ്‌ മൊബൈല്‍ ബെയറിംഗ്‌ ഇംപ്ലാന്റാണ്‌ ഉപയോഗിച്ചത്‌. വൈകുന്നേരം ആറുമണിയോടെ ഐഷയെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. പ്രായമേറുമ്പോള്‍ ആര്‍ത്രൈറ്റിസ്‌ മൂലം മുട്ടിലെ മൂന്നു ഭാഗങ്ങള്‍ തേഞ്ഞുതീരുന്നത്‌ പതിവാണ്‌. എന്നാല്‍, നാല്‍പ്പതുമുതല്‍ അന്‍പത്‌ വയസ്‌ വരെ പ്രായമുള്ളവരില്‍ മുട്ടിലെ ഒരു ഭാഗം മാത്രമായി തേഞ്ഞുതീരാറുണ്ട്‌, അങ്ങനെ വരുമ്പോള്‍ ആ ഭാഗം മാത്രം മാറ്റിവച്ചാല്‍ മതിയാകും. ഇതിനാണ്‌ ഭാഗിക മുട്ടുമാറ്റിവയ്‌ക്കല്‍ എന്നു പറയുന്നത്‌. ഡേ കെയര്‍ ഭാഗിക മുട്ടുമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ഒട്ടേറെ രോഗികള്‍ക്ക്‌ അനുഗ്രഹമാണെന്നും മുട്ടുവേദന നിശബ്ദമായി സഹിക്കേണ്ടിവരുന്നവര്‍ക്ക്‌ സന്തോഷം നല്‌കുന്ന കാര്യമാണെന്നും ഡോ. ഫൈയ്‌സല്‍ എം. ഇക്‌ബാല്‍ ചൂണ്ടിക്കാട്ടി. സമയം ലാഭിക്കാനും ചെലവ്‌ കുറയ്‌ക്കാനും കഴിയുന്നതാണ്‌ ഈ ശസ്‌ത്രക്രിയ എന്നതുകൊണ്ട്‌ രോഗികള്‍ ഈ മാര്‍ഗം സ്വീകരിക്കാന്‍ കൂടുതല്‍ തയാറാകും. മുട്ടുവേദന മാറ്റാനും ജീവിതത്തിലും ജോലിയിലും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകാനും സാധിക്കുമെന്നതാണ്‌ ഈ ശസ്‌ത്രക്രിയയുടെ പ്രത്യേകതയെന്ന്‌ അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ മുട്ടുമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ നാലുദിവസമെങ്കിലും ആശുപത്രിയില്‍ കഴിയുകയും മൂന്നുമാസത്തെ ഫിസിയോതെറാപ്പി നടത്തുകയും വേണം. യുഎഇയിലെ ഫുജൈയ്‌റയില്‍നിന്നുള്ള ഐഷ സലിം കടുത്ത കാല്‍മുട്ടുവേദനമൂലം കഴിഞ്ഞ ആറുവര്‍ഷമായി കിടപ്പിലായിരുന്നു. എന്നാല്‍, ശസ്‌ത്രക്രിയയ്‌ക്കുശേഷം അവര്‍ക്ക്‌ സ്വതന്ത്രമായി പ്രശ്‌നങ്ങളില്ലാതെ നടക്കാന്‍ കഴിഞ്ഞു.