ആര്‍മി റിക്രൂട്ട്‌മെന്റ്‌; പ്രാഥമിക സൗകര്യം പോലുമില്ലാതെ നൂറുകണക്കിന്‌ യുവാക്കള്‍ റോഡരികില്‍

military recruitment 2കോട്ടക്കല്‍: ആര്‍മി റിക്രൂട്ട്‌മെന്റിനെത്തിയ നൂറുകണക്കിന്‌ യുവാക്കള്‍ അന്തിയുറങ്ങുന്നത്‌ റോഡരികില്‍. കോഴിച്ചെന എംഎസ്‌പി ക്യാമ്പില്‍ ആര്‍മി റിക്യൂട്ട്‌മെന്റിനായി വന്ന സംസ്ഥാനത്തു നിന്നും പുറത്തുനിന്നുമുള്ള നൂറുകണക്കിന്‌ യൂവാക്കളാണ്‌ പുലര്‍ച്ചെ രണ്ടിനു തുടങ്ങുന്ന റിക്രൂട്ട്‌മെന്റും കാത്ത്‌ റോഡരികില്‍ അന്തിയുറങ്ങുന്നത്‌. നിലവില്‍ അപകടസാധ്യതയുള്ള കോഴിച്ചെന ഭാഗത്ത്‌ റോഡിലേക്ക്‌ കാലുകള്‍ നീട്ടി പലരും വിശ്രമിക്കുന്നത്‌ അപകടഭീതിയുണര്‍ത്തുന്നുണ്ട്‌.

റിക്രൂട്ട്‌മെന്റില്‍ നേരത്തെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തിയ കാസര്‍ക്കോട്‌,കണ്ണൂര്‍,കോഴിക്കോട്‌,വയനാട്‌,മലപ്പുറം,പാലക്കാട്‌,തൃശൂര്‍,മാഹി,ലക്ഷദ്വീപ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരത്തോളം യുവാക്കളാണ്‌ നവംബര്‍ 7 വരെ നീണ്ടുനില്‍ക്കുന്ന റിക്രൂട്ട്‌മെന്റിനായി എംഎസ്‌പി പരിസരത്ത്‌ ദേശീയപാതക്കരികെ മണിക്കൂറുകള്‍ കഴിച്ചുകൂട്ടുന്നത്‌. സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ക്ലര്‍ക്ക്‌,സോള്‍ജിയര്‍ സ്‌റ്റോര്‍ കീപ്പര്‍, സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി എന്നീ വിഭാഗങ്ങളിലേക്കാണ്‌ റിക്രൂട്ട്‌മെന്റ്‌ നടക്കുന്നത്‌. വിമുക്തഭടന്‍മാര്‍ക്കായി ഡിഎസ്‌സിയിലേക്കുള്ള റീ എന്‍റോള്‍മെന്റും നടക്കുന്നുണ്ട്‌.

രജിസ്‌ട്രര്‍ നമ്പര്‍ ക്രമത്തില്‍ റിക്രൂട്ട്‌മെന്റ്‌ ഉള്ള സമയത്ത്‌ മാത്രമാണ്‌ എംഎസ്‌പി ക്യാമ്പിന്റെ അതിര്‍ത്തിക്കുള്ളിലേക്ക്‌ യുവാക്കള്‍ക്ക്‌ കടക്കാനാകുക. പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സമീപത്തെ വീടുകളെയും പള്ളികളെയുമാണ്‌ ഇവര്‍ സമീപിക്കുന്നത്‌. യുവാക്കളില്‍ ചിലര്‍ കടവരാന്തകളിലും വിശ്രമിക്കുന്നുണ്ട്‌. യുവാക്കളുടെ ദുരിതചിത്രം കണ്ട്‌ നാട്ടുകാരില്‍ ചിലര്‍ രംഗത്തെത്തിയിട്ടും അധികൃതര്‍ ഇവര്‍ക്കു വേണ്ട പ്രാഥമിക സൗകര്യം പോലും ചെയ്‌തുകൊടുക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലന്ന പരാതി വ്യാപകമാണ്‌.