മലബാര്‍ സ്‌മാരക കവാടം പിന്നേയും കുപ്പത്തൊട്ടിയായി

Story dated:Tuesday April 5th, 2016,11 21:am
sameeksha sameeksha
സ്‌മാരകത്തിനകത്തെ ഫലകം തകര്‍ത്ത നിലയില്‍
സ്‌മാരകത്തിനകത്തെ ഫലകം തകര്‍ത്ത നിലയില്‍

കോട്ടക്കല്‍: നഗരസഭയുടെ മലബാര്‍ സ്‌മാരക കവാടം പിന്നേയും കുപ്പത്തൊട്ടിയായി. ബസ്‌ സ്റ്റാന്‍ഡിലേക്ക്‌ പ്രവേശിക്കുന്ന ഭാഗത്ത്‌ നിര്‍മിച്ച സ്‌മാരക കവാടമാണ്‌ പരിചരണമില്ലാതെ നശിക്കുന്നത്‌. മാലിന്യങ്ങള്‍ വലിച്ചിട്ടും പരസ്യ ബോര്‍ഡുകള്‍ കൈയടക്കിയുമാണ്‌ ഇതിനെ അനാദരിക്കുന്നത്‌. ഇവിടെ സ്ഥാപിച്ചിരുന്ന സമാരക ശിലാഫലകം നശിപ്പിക്കപ്പെട്ടിട്ട്‌ കാലങ്ങളായെങ്കിലും ഇത്‌വരെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. മദ്യകുപ്പികള്‍, തുണി കഷ്‌ണങ്ങള്‍, ചായക്കപ്പുകള്‍, പഴയ ചെരിപ്പുകള്‍ തുടങ്ങിയവയെല്ലാം ഇതിനകത്തേക്‌ വലിച്ചിടുന്നുണ്ട്‌.

മതില്‍ കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും സംരക്ഷണം ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ്‌ നാശത്തിന്‌ കാരണം. സ്‌മാരകത്തിനകത്ത്‌ മാസങ്ങളായി ഭീമന്‍ പരസ്യ ബോര്‍ഡ്‌ സ്ഥാപിച്ചിട്ടുണ്ട്‌. നഗരസഭക്ക്‌ യാതൊരു വരുമാനവുമില്ലാതെയാണ്‌ ഇത്‌ സ്ഥാപിച്ചിരിക്കുന്നത്‌. സ്‌മാരകത്തിന്റെ ചുമതല ഒരു സ്ഥാപനത്തെ ഏല്‍പിച്ചിരുന്നു. പക്ഷെ ഇവര്‍ തന്നെ ഇതിനെ പരസ്യ കേന്ദ്രമാക്കി എന്ന ആരോപണം ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്‌. തിരൂരങ്ങാടിയില്‍ ബ്രിട്ടീഷ്‌ പട്ടാളം ആക്രമം നടത്തിയപ്പോള്‍ കോട്ടക്കല്‍ ചന്തയില്‍ നിന്നും അതിനെ നേരിടനായി പുറപ്പെട്ട ധീര കേസരികളുടെ ഓര്‍മക്കായി സ്ഥാപിച്ചതാണ്‌ നഗരസഭയുടെ മലബാര്‍ സ്‌മാരക കവാടം.