കാരുണ്യത്തിന്റെ കാല്‍പന്തുകളിയെ വരവേല്‍ക്കാന്‍ കോട്ടക്കലൊരുങ്ങി

Untitled-1 copyകോട്ടക്കല്‍ : കാവതികളം പാടത്ത്‌ പന്തുരുളുമ്പോള്‍ പ്രദേശത്തെ പെണ്‍കൊടികളുടെ ഖല്‍ബില്‍ ഒപ്പനപാട്ടിന്റെ ഇശലുകള്‍ ഒഴുകിനടക്കും. നിര്‍ധന യുവതികളുടെ വിവാഹസ്വപ്‌നങ്ങള്‍ക്ക്‌ ചിറകുമുളപ്പിക്കാനാവുമെന്ന നിറഞ്ഞ പ്രതീക്ഷയിലാണ്‌ ഫുട്‌ബാള്‍ ടൂര്‍ണമെന്റിന്റെ സംഘാടകര്‍. കാല്‍പന്ത്‌ വെറും കളിയല്ല, കാരുണ്യമാണെന്ന സന്ദേശം ഉയര്‍ത്തിപിടിച്ച്‌ ഇത്‌ രണ്ടാം വര്‍ഷമാണ്‌ ജനകീയം ഫ്‌ളഡ്‌ലൈറ്റ്‌ സെവന്‍സ്‌ ഫുട്‌ബാള്‍ ടൂര്‍ണമെന്റിനായി പ്രദേശത്തുകാര്‍ സംഘടിക്കുന്നത്‌. ടൂര്‍ണമെന്റിന്റെ ജനകീയമുഖം ഒരിക്കല്‍ കൂടി കാരുണ്യവഴിയിലേക്ക്‌ തിരിക്കുകയാണ്‌. ഒരു പതിറ്റാണ്ട്‌ മുമ്പാണ്‌ പകല്‍മത്സരമായി ഫുട്‌ബാള്‍ ടൂര്‍ണമെന്റു നടത്തി ചെറിയ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ നടത്തിപ്പുകാര്‍ വ്യാപൃതരായത്‌.

തുടക്കം മുതല്‍ കാവതിക്കളം പാടത്ത്‌ നടക്കുന്ന ടൂര്‍ണമെന്റ്‌ കഴിഞ്ഞ വര്‍ഷം മുതലാണ്‌ ഫ്‌ളഡ്‌ലൈറ്റിന്‌ കീഴില്‍ കൊണ്ടുവന്നത്‌. കഴിഞ്ഞ വര്‍ഷം ലഭിച്ച മൂന്നുലക്ഷത്തോളം രൂപ നിര്‍ധന യുവതികളുടെ വിവാഹസ്വപ്‌നങ്ങള്‍ നിറവേറ്റാനായി മാത്രം നീക്കിവെക്കുകയായിരുന്നു. ആവേശലഹരിയിലെത്തുന്ന കാണികളും നിശ്ചിതസംഖ്യ നിക്ഷേപിച്ച്‌ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നാണ്‌ നടത്തിപ്പുകാരുടെ അഭ്യാര്‍ഥന. ചെലവുകള്‍ കഴിഞ്ഞുള്ള ബാക്കി തുക മുഴുവനായും കാരുണ്യപ്രവര്‍ത്തനങ്ങളിലേക്കായി നീക്കിവെക്കുകയാണ്‌ കമ്മിറ്റിയുടെ രീതി. വിവാഹസഹായധനത്തോടൊപ്പം മറ്റു ചികില്‍സസഹായങ്ങള്‍ക്കായും കമ്മിറ്റി പണം ചെലവഴിക്കും.

കളികള്‍ വെറും കളികളായി മാറരുതെന്ന പാഠമാണ്‌ കമ്മിറ്റി കണ്‍വീനര്‍ തൈക്കാട്ട്‌ മൂസക്കും ചെയര്‍മാന്‍ ഇ ആര്‍ രാജേഷിനും പങ്കുവെക്കാനുള്ളത്‌. മൂന്നാഴ്‌ച്ച നീളുന്ന ടൂര്‍ണമെന്റില്‍ 32 ടീമുകളാണ്‌ പങ്കെടുക്കുന്നത്‌. ഐഎസ്‌എല്‍ താരവും കൊണ്ടോട്ടി സ്വദേശിയുമായ അനസ്‌ എടത്തൊടിക ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്യാന്‍ 17 ന്‌ കാവതിക്കളം മൈതാനത്തിറങ്ങുന്നത്‌ കാണികളുടെ ആവേശമിരട്ടിയാക്കും. കാരുണ്യത്തിന്റെ നീളന്‍ ഷോട്ടുകളുമായി ഒരു സംഘം മാതൃക തീര്‍ക്കുമ്പോള്‍ ഒരു നാടുമുഴുവന്‍ പിന്തുണയുമായി ഞായറാഴ്‌ച്ച കളിമൈതാനത്തേക്കൊഴുകും.