കോട്ടക്കലില്‍ കാറിടിച്ച്‌ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

കോട്ടക്കല്‍: കാറിടിച്ച്‌ പരിക്കേറ്റു ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കോട്ടക്കല്‍ പൂത്തൂര്‍ സ്വദേശി അരീക്കാടന്‍ മുഹമ്മദിന്റെ മകന്‍ മുഹ്‌സിന്‍(14) ആണ്‌ മരിച്ചത്‌. കഴിഞ്ഞു ദിവസം വൈകീട്ടാണ്‌ തിരഞ്ഞെടുപ്പ്‌ വിജയാഘോഷപരിപാടി കാണാനായി റോഡരികില്‍ നിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ പെരിന്തല്‍മണ്ണ ഭാഗത്ത്‌ നിന്ന്‌ കാര്‍ നിയന്ത്രണം വിട്ട്‌ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മലപ്പുറം സ്വദേശി മഞ്ഞപ്പുള്ളി വീട്ടില്‍ മുഹമ്മദ്‌ ഹാജി (73) തത്‌ക്ഷണം മരിച്ചിരുന്നു. മുഹമ്മദ്‌ ഹാജിയുടെ ഖബറടക്കം ഇന്നലെ പൂക്കോട്ടുപാടം ജുമാമസ്‌ജിദ്‌ ഖബറസ്ഥാനില്‍ നടന്നു. അപകടത്തില്‍ പരിക്കേറ്റ മുഹ്‌സിന്റെ സഹോദരങ്ങളായ മുര്‍ഷിദ്‌(17), റമീസ്‌ മുഷ്‌താഖ്‌(10) എന്നിവര്‍ കോഴിക്കോട്‌ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്‌. റസിയയാണ്‌ മാതാവ്‌. ഏക സഹോദരി ഷെറിന്‍. കോട്ടൂര്‍ എകെഎംഎച്ച്‌എസ്‌എസില്‍ ഒമ്പതാം തരം വിദ്യാര്‍ഥിയാണ്‌ മരിച്ച മുഹ്‌സിന്‍. മുഹ്‌സിന്റെ ഖബറടക്കം ഇന്ന്‌ ഉച്ചക്ക്‌ ഒന്നിന്‌ പൂത്തൂര്‍ ജുമാമസ്‌ജിദ്‌ ഖബറസ്ഥാനില്‍ നടക്കും.