കോട്ടക്കലില്‍ കാറിന് മുകളിലേക്ക് കണ്ടെയിനര്‍ മറിഞ്ഞ് നാല് പേര്‍ മരിച്ചു

kottakkalaccident കോട്ടക്കല്‍: ദേശീയപാതയില്‍ കാറിനുമുകളിലേക്ക്‌ ട്രെയിലര്‍ മറിഞ്ഞ്‌ സഹോദരങ്ങളടക്കം നാലുപേര്‍ മരിച്ചു. ശനിയാഴ്‌ച്ച പുലര്‍ച്ചെ മുന്നോടെ പാലച്ചിറമാട്‌ വളവിലാണ്‌ അപകടം. തലശ്ശേരി ചൊക്ലി മങ്ങാട്‌ ബൈത്തുല്‍ മുബാറക്ക്‌ വീട്ടില്‍ മഹ്‌റൂഫിന്റെ മക്കളായ ഷംസീര്‍(27), ഫൈസല്‍(25),പര്‍വീസ്‌(21), മങ്ങാട്‌ കല്ലുംകുഴിയില്‍ വീട്ടില്‍ പോക്കറിന്റെ മകന്‍ ഷംസീര്‍(29) എന്നിവരാണ്‌ മരിച്ചത്‌. മഹ്‌റൂഫിന്റെ മകന്‍ ഷംസീര്‍ വിദേശത്തേക്ക്‌ തിരിച്ചുപോകാനായി നെടുമ്പാശ്ശേരിയിലേക്ക്‌ യാത്രയാക്കാന്‍ പോയ സംഘമാണ്‌ അപകടത്തില്‍ പെട്ടത്‌. കാറിലുണ്ടായിരുന്ന ചൊക്ലി മങ്ങാട്‌ സ്വദേശികളായ ബൈത്തുല്‍ മബ്‌റൂഖ്‌ വീട്ടില്‍ മഹ്‌റൂഫ്‌(50), മറ്റൊരു മകന്‍ മന്‍ഷാദ്‌(24), വല്ലിടയില്‍ ഖാദറിന്റെ മകന്‍ നൗഫല്‍(24), നഹ റസാഖിന്റെ മകന്‍ ഷിനോജ്‌(32) എന്നിവര്‍ പരിക്കേറ്റ്‌ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്‌. ഡ്രൈവര്‍ നൗഫലടക്കം എട്ടുപേരാണ്‌ കാറിലുണ്ടായിരുന്നത്‌.

മുബൈയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ അലുമിനിയം ഷീറ്റുമായി വരുന്ന ട്രെയിലറാണ്‌ അപകടത്തില്‍ പെട്ടത്‌. രണ്ടുമാസം മുമ്പാണ്‌ സഹോദരന്‍മാരായ ഷംസീറിന്റെയും ഫൈസലിന്റെയും വിവാഹം കഴിഞ്ഞത്‌. പാലച്ചിറമാട്‌ വളവില്‍ ഇന്നോവ കാറിനുപിറകിലിടിച്ച ലോറി നിയന്ത്രണം വിട്ട കാറിനുമുകളിലേക്ക്‌ മറിയുകയായിരുന്നു. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ സാഹസപ്പെട്ടാണ്‌ യാത്രക്കാരെ പുറത്തെടുത്തത്‌. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മൂന്നുപേര്‍ സംഭവസ്ഥലത്തും പര്‍വീസ്‌ ആശുപത്രിയിലേക്ക്‌ പോകുംവഴിയുമാണ്‌ മരിച്ചത്‌.

നാട്ടുകാരും സേവിയേഴ്‌സ്‌,ട്രോമോ കെയര്‍ വളണ്ടിയര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി. കോട്ടക്കല്‍,കല്‍പകഞ്ചേരി പൊലീസും തിരൂര്‍ ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസ്‌ കേസെടുത്തു.