കോട്ടക്കല്‍ ആയുര്‍വേദ കോളജ്‌ ഹോസ്‌റ്റല്‍ ഫീസ്‌ വര്‍ധന;വിദ്യാര്‍ഥികള്‍ സമരത്തില്‍

Story dated:Tuesday January 12th, 2016,03 31:pm
sameeksha sameeksha

kottakkal-ayurveda-hostel-students-strike 1കോട്ടക്കല്‍: കോട്ടക്കല്‍ ആയുര്‍വേദ കോളജ്‌ ഹോസ്‌റ്റലിലെ ഫീസ്‌ വര്‍ധനവിനെതിരെ ഉപരോധ സമരവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്‌. ആയുര്‍വേദ കോളജ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അകാരണമായി ഹൗസ്‌ സര്‍ജന്‍സി, പിജി വിദ്യാര്‍ഥികളുടെ പുരുഷ ഹോസ്‌റ്റലിലെ ഫീസ്‌ വര്‍ധിപ്പിച്ചെന്നാരോപിച്ചാണ്‌ വിദ്യാര്‍ഥികള്‍ കെഎഎസ്‌ആര്‍എസ്‌ ഓഫീസ്‌ ഉപരോധിച്ചത്‌. ഉച്ചക്ക്‌ തുടങ്ങിയ സമരം വൈകീട്ടോടെ കോട്ടക്കല്‍ പൊലീസ്‌ എത്തിയാണ്‌ നിര്‍ത്തിച്ചത്‌.

ഹോസ്‌റ്റലില്‍ വൈദ്യുതി ബില്ല്‌ വര്‍ധിക്കുന്നതായി ആരോപിച്ചാണ്‌ കോളജ്‌ അധികൃതര്‍ പുരുഷ ഹോസ്‌റ്റലില്‍ മാസഫീസ്‌ ഇരട്ടിയായി വര്‍ധിപ്പിച്ചതെന്ന്‌ വിദ്യാര്‍ഥികള്‍ പറയുന്നു. 250 ല്‍ നിന്ന്‌ 500 ആക്കിയാണ്‌ വര്‍ധിപ്പിച്ചത്‌. എക്‌സിക്യൂട്ടീവ്‌ യോഗം ചേര്‍ന്നാണ്‌ തീരുമാനമെടുത്തതെന്നാണ്‌ കോളജ്‌ അധികൃതരുടെ പ്രതികരണം. എന്നാല്‍ ഈ യോഗത്തിലേക്ക്‌ വിദ്യാര്‍ഥി പ്രതിനിധികളെ ആരും വിളിച്ചിരുന്നില്ലന്ന്‌ സമരത്തിന്‌ നേതൃത്വം നല്‍കുന്ന എസ്‌എഫ്‌ഐ യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

പിജിഎസ്‌എ പ്രതിനിധി ഡോ. സന്തോഷ്‌, എച്ച്‌എസ്‌എ പ്രതിനിധി ഡോ. ടെസ്സിഡാലിയ എന്നിവര്‍ വിദ്യാര്‍ഥികളെ അഭിമുഖീകരിച്ചു സംസാരിച്ചു. എസ്‌എഫ്‌ഐ ഏവിസി യൂണിറ്റ്‌ പ്രസിഡണ്ട്‌ സിആര്‍ അമൃത, സെക്രട്ടറി സുബിന്‍ ബാബു കെഎം,കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍ അര്‍ജ്ജുന്‍ പി, അനുരാഗ്‌ എസ്‌ആര്‍,ഡോ. ഹസീബ്‌ സമരത്തിന്‌ നേതൃത്വം നല്‍കി.