കുണ്ടറ പത്തുവയസുകാരിയുടെ മരണം: അമ്മയടക്കം 9 പേര്‍ കസ്റ്റഡിയില്‍

കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായി 10 വയസുള്ള കുട്ടി മരിച്ച കേസില്‍ അമ്മയടക്കം 9 പേര്‍ പിടിയിലായി. ഇന്നലെ ബന്ധുക്കളടക്കം 5 പേര്‍ പിടിയിലായിരുന്നു. കേസില്‍ കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചിട്ടുണ്ടെന്നുള്ള പരാതിയും അന്വേഷിക്കും. എന്നാല്‍ അച്ഛനെതിരെ വ്യാജപരാതി നല്‍കിയതാണോയെന്നും സംശയമുണ്ട്.

അതേസമയം കണ്ടെടത്ത ആത്മഹത്യാകുറിപ്പിലെ കൈപ്പട കുട്ടിയുടേതല്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് വിശദ പരിശോധനക്ക് ഫോറന്‍സിക് ലാബിലേക്കയച്ചു. കുട്ടിയുടെ സഹോദരിക്ക് കൌണ്‍സിലിംങ് നല്‍കുന്നുണ്ട്.

കേസ് കൊല്ലം റൂറല്‍ എസ് പി എസ് സുരേന്ദ്രന്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ  കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൊലീസ് വീഴ്ചക്കെതിരെ നടപടി എടുത്തായും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

 

കേസില്‍ അന്വേഷണ വീഴ്ച വരുത്തി കുണ്ടറ സിഐ ഷാബു,എസ് ഐ രാജേഷ് എന്നിവരെ സസ്പെന്‍ഡ് ചെയതു. കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനം നടന്നുവെന്നും 22ഓളം മുറിവുകള്‍ കുട്ടിക്കുണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയില്ല. ഇത് സംബന്ധിച്ച് കുട്ടിയുടെ പിതാവ് പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. കുട്ടിയുടെ അമ്മയും ബന്ധുക്കളും കേസന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് പൊലീസ് പറഞ്ഞത്. പൊലീസിന് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷനും പറഞ്ഞു.

ജനുവരി 15 നാണ് വീടിനുള്ളിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടത്. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കുറിപ്പില്‍ എഴുതിയിരുന്നത്.