ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ വിവിധ പരിപാടികളുമായി കോഡൂര്‍

Aug Kodur Agri. Photo  1കോഡൂര്‍:ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്‍ ചിങ്ങം ഒന്നിന്‌ നടക്കുന്ന കാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച്‌ വൈവിധ്യ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദിനാചരണത്തിന്റെ മുന്നോടിയായി ഓഗസ്‌ത്‌ 15-ന്‌ കുടുംബശ്രീ ബാലസഭ മുഖേന സ്‌കൂള്‍ തല വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്‌ മത്സരവും യുവാക്കള്‍ക്കായി ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു. ദിനാചരണ പരിപാടിയില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക്‌ കാര്‍ഷിക ക്വിസ്സ്‌ മത്സരം നടത്തും. മത്സരത്തിലെ വിജയികള്‍ക്ക്‌ പ്രത്യേക സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.
കാര്‍ഷിക രംഗത്ത്‌ വിവിധ മേഖലകളിലായി മാതൃകാപരമായി കൃഷി ചെയ്യുന്നവരില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട സി.എച്ച്‌ ഹസ്സന്‍ഹാജി എല്ലാ കൃഷിയും ചെയ്യുന്ന മികച്ച കര്‍ഷകന്‍, വിജയന്‍ കോട്ടത്തൊടി നെല്ല്‌, കാമ്പ്രന്‍ അലവിഹാജി തെങ്ങ്‌, പിച്ചന്‍ മഠത്തില്‍ മുഹമ്മദ്‌കുട്ടി പച്ചക്കറി, നെച്ചിത്തടത്തില്‍ അബ്ദുല്‍ അസീസ്‌ വാഴ, പരി അയ്യപ്പന്‍ പട്ടികജാതി, ഭാസ്‌ക്കരന്‍ കാവുങ്ങല്‍ യുവ /ക്ഷീരം, ഷിനി തൂവ്വക്കാടന്‍ വനിതാ / ജൈവം, ആയിഷ നദ പാലാംപടിയന്‍ (വലിയാട്‌ എല്‍.പി സ്‌കൂള്‍) വിദ്യാര്‍ത്ഥിനി തുടങ്ങിയ കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും.
ദിനാചരണ പരിപാടി തിങ്കളാഴ്‌ച്ച രാവിലെ 9 മണിക്ക്‌ ഗ്രാമപഞ്ചായത്ത്‌ ഓഡിറ്റോറിയത്തില്‍ പി ഉബൈദുല്ല എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികള്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, കൃഷി വകുപ്പിലേയും വിവിധ ബാങ്ക്‌, കാര്‍ഷിക സഹകരണ-ധനകാര്യ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ‘ജൈവ കൃഷി ആരോഗ്യ സുരക്ഷക്ക്‌’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്‌.
സംഘാടകസമിതി യോഗം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി.പി ഷാജി അധ്യക്ഷം വഹിച്ചു, കൃഷി ഓഫീസര്‍ പ്രകാശ്‌ പുത്തന്‍മഠത്തില്‍ പരിപാടി വിശദീകരിച്ചു. വികസന സ്ഥിര സമിതി അധ്യക്ഷ ഫാത്തിമ വട്ടോളി, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ എം.ടി. ബഷീര്‍, മെമ്പര്‍മാരായ ശിഹാബ്‌ ആമിയന്‍, യൂസുഫ്‌ തറയില്‍, കെ.ടി യൂസുഫ്‌, എന്‍.കെ ഹൈദറലി, ആസ്യ കുന്നത്ത്‌, ഷമീമത്തുന്നിസ പാട്ടുപാറ, കെ.വി സഫിയ, കെ. ഷീന, അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്‌ വി.എം സിദ്ധീഖ്‌, ഗ്രാമപഞ്ചായത്ത്‌ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം മാനേജിംഗ്‌ ഡയറക്‌റ്റര്‍ അബ്ദുല്‍ നാസര്‍ പി.പി എന്നിവര്‍ സംസാരിച്ചു.