കൊടിഞ്ഞി ഫൈസല്‍ വധം കുറ്റപത്രം സമര്‍പ്പിച്ചു

മലപ്പുറം : പ്രമാദമായ കൊടഞ്ഞി ഫൈസല്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസട്രേറ്റ് കോടതിയാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ സംഭവം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.

2016 നവംബര്‍ 19ാം തിയ്യതി പുലര്‍ച്ചയാണ് കൊടിഞ്ഞി ഫാറുഖ് നഗറില്‍ വെച്ച് ഫൈസല്‍ അക്രമികളുടെ വെടിയേറ്റ് മരിക്കുന്നത്. ഗള്‍ഫില്‍ വെച്ച് അനില്‍കുമാര്‍ എന്ന ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചു. തുടര്‍ന്ന് കുടുംബാഗങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ സാധ്യതയെ തുടര്‍ന്നുള്ള കടുത്ത വൈരാഗ്യം കൊലയിലേക്ക് നയിക്കുകയായിരുന്നു. ആര്‍എസ്എസ് വിഎച്ച്പി പ്രവര്‍ത്തകരാണ് കൊലനടത്തിയത്.
ഈ കേസിലെ പ്രതിയായ ബിബിന്‍ പിന്നീട് തിരൂര്‍ പുളഞ്ഞോട്ടില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ബിബിനെ കൊലപ്പെടുത്തിയത്.
ഗൂഡാലോചന തെളിവ് നശിപ്പിക്കല്‍, കുറ്റപ്രേരണ, കൊലപാതകം, പ്രതികളെ സംരക്ഷിക്കല്‍ എന്നീ കുറ്റങ്ങളാണ് മൂവായിരത്തിലധികം പേജുള്ള കുറ്റപത്രിത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ചിരുന്ന ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മാരായ സികെ ബാബു, ജെയ്‌സണ്‍ കെ എബ്രഹാം, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍ എന്നവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

കൊല്ലപ്പെട്ട ബിബിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ചാം പ്രതിയായ ആര്‍എസ്എസ് സഹകാര്യവാഹക് നാരായണന്‍ മുസത് തിരൂര്‍ യാസിര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്.