കൊച്ചുവേളി എക്‌സ്‌പ്രസില്‍ മലയാളി യുവാവിനെ ബിസ്‌ക്കറ്റ്‌ നല്‍കി മയക്കി കൊള്ളയടിച്ചു

Untitled-1 copyതിരുവനന്തപുരം: കൊച്ചുവേളി എക്‌സപ്രസില്‍ യുവാവിന്‌ ബിസ്‌ക്കറ്റ്‌ നല്‍കി മയക്കി കൊള്ളയടിച്ചു. അബോധാവസ്ഥയിലായ യുവാവിനെ എറണാകുളത്തെ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട അടൂര്‍ കടമ്പനാട്‌ അജന്താലയത്തില്‍ ഗോപാലകൃഷ്‌ണന്‍ നായരുടെ മകന്‍ അജീഷിനെ(33)യാണ്‌ ബിസ്‌ക്കറ്റ്‌ നല്‍കി ബോധം കെടുത്തി കൊള്ളയടിച്ചത്‌.

ആഗസ്‌റ്റ്‌ 14 ന്‌ രാത്രി 12.30 മണിയേടെ പോര്‍ബന്തര്‍ കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ്‌ ട്രെയിനിലാണ്‌ സംഭവം നടന്നത്‌. ഗുജറാത്തിലെ ജാം നഗറില്‍ നിന്ന്‌ നാട്ടിലേക്ക്‌ വരികയായിരുന്ന അജീഷ്‌ ട്രെയിനില്‍ വെച്ച്‌ രണ്ട്‌ ഹിന്ദി സംസാരിക്കുന്ന യുവാക്കളുമായി പരിചയപ്പെട്ടിരുന്നു. പരിചയം പിന്നീട്‌ സൗഹൃദത്തിലേക്ക്‌ മാറുകയായിരുന്നു. തുടര്‍ന്ന്‌ യുവാക്കള്‍ അജീഷിന്‌ ബിസ്‌ക്കറ്റ്‌ കഴിക്കാന്‍ നല്‍കുകയായിരുന്നത്രെ.

അബോധാവസ്ഥയിലായിരുന്ന അജീഷിന്റെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പ്‌, രണ്ട്‌ മൊബൈല്‍ ഫോണുകള്‍, പാസ്‌പോര്‍ട്ട്‌, സര്‍ട്ടിഫിക്കറ്റുകള്‍, 5000 രൂപ, എ ടി എം കാര്‍ഡ്‌ എന്നിവയുള്‍പ്പെടെ 50000 ത്തോളം രൂപയുടെ സാധനങ്ങള്‍ ഇവര്‍ കവര്‍ച്ചചെയ്യ്‌തു.

ട്രെയില്‍ എറണാകുളത്തെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അജീഷിനെ റെയില്‍വെ പോലീസ്‌ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബോധം വീണ്ടെടുത്ത അജീഷില്‍ നിന്നും പോലീസ്‌ മൊഴിയെടുത്ത്‌ അന്വേഷണം ആരംഭിച്ചു.