കെകെ ലതിക എംഎല്‍എയെ വിചാരണകോടതിമുറ്റത്ത് പോലീസ് തടഞ്ഞു

കോഴിക്കോട് : ഭര്‍ത്താവും ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായുമായ സിപിഎം ജില്ല സക്രട്ടറിയേറ്റ് അംഗം പി മോഹനനെ കോടതിയില്‍ കാണാനെത്തിയ കെകെ ലതിക എംഎല്‍എയെ പോലീസ് തടഞ്ഞു.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് എംഎല്‍എ കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേകകോടതി പരിസരത്ത് എത്തിയത്.. മോഹനനെ നേരത്തെ തന്നെ കോടതിയില്‍ എത്തിച്ചിരുന്നു. കോടതിയിലെത്തയ എംഎല്‍എ കോടതിമുറ്റത്തേക്ക് പ്രവേശിപ്പിക്കുന്നതും മോഹനനെ കാണാന്‍ ശ്രമിച്ചതുമാണ് പോലീസ് തടഞ്ഞത്. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശമുണ്ടെന്നും കാണാനാകില്ലെന്നും പോലീസ് അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് മടങ്ങിപ്പോയ ലതിക പിന്നീട് മുന്‍എംപി സതീദേവി, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് കുട്ടി, സി ഭാസ്‌കരന്‍ എന്നിവര്‍ക്കൊപ്പം വീണ്ടും കോടതിപരിസരത്തെത്തുകയായിരുന്നു. കുഞ്ഞഹമ്മദ് കുട്ടി ജനപ്രതിനിധികള്‍ക്ക് റിമാന്‍ഡ് പ്രതികളെ കാണാന്‍ അധികാരമുണ്ടെന്ന് വാദിച്ചെങ്ങിലും മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയതോടെ ഇവരും മടങ്ങുകയായിരുന്നു.
കഴിഞ്ഞ തവണ കെകെ ലതിക എംഎല്‍എയുടെ സന്ദര്‍ശനത്തിന് ശേഷമാണ് ജയിലിനകത്തെ പ്രതികളുടെ ഫോണുകള്‍ നിശ്ചലമായതെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് പോലീസും ജയില്‍ വകുപ്പും എംഎല്‍എക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.