കെ കരുണാകരന്റെ രാജി ചാരകേസിലല്ല; മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

umman-chandiതിരു : കെ കരുണാകരന്റെ രാജി ചാരകേസുമായി ബന്ധപ്പെട്ട് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍. ചാരകേസില്‍ കരുണാകരന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല. കരുണാകരന്‍ രാജിവെക്കുമ്പോള്‍ താന്‍ മന്ത്രി സഭ അംഗമായിരുന്നുവെന്നും അപ്പോള്‍ താന്‍ രാജി ആവശ്യപ്പെടുമായിരുന്നോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. കോണ്‍ഗ്രസ്സിലെ മറ്റു ചില പ്രശ്‌നങ്ങളുടെ പേരിലായിരുന്നു കരുണാകരന്‍ രാജിവെച്ചതെന്നും ആ സമയത്ത് ചാരകേസ് കത്തി നില്‍ക്കുന്ന വിഷയമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന നിരസിച്ചുകൊണ്ട് കരുണാകരന്റെ മകളും കോണ്‍ഗ്രസ്സ് നേതാവുമായ പത്മജ വേണുഗോപാല്‍ രംഗത്ത് എത്തി. കരുണാകരന്റെ രാജി ചാരകേസുമായി ബന്ധപ്പെട്ട് തന്നെ ആയിരുന്നുവെന്നും തെരഞ്ഞെടുപ്പിന് ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും പത്മജ പ്രതികരിച്ചു. കൂടാതെ ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്നും അവര്‍ പറഞ്ഞു.

യുഡിഎഫിന് വീഴ്ചയുണ്ടാവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തനിക്ക് ആണെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ ഈ വെളിപ്പെടുത്തല്‍.