കെജ്‌രിവാളിനെ കണ്ടു കിട്ടുന്നവര്‍ അറിയിക്കുക

safe_imageദില്ലി : മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും, ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ കാണാനില്ലെന്ന പരസ്യം സൂപ്പര്‍ ഹിറ്റാകുന്നു. ‘ദുഖ്ദര്‍ശന്‍’ ചാനലിലെ വാര്‍ത്തയിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം നല്‍കി കാത്തിരിക്കുന്നതാകട്ടെ ഒരു കൂട്ടം കുട്ടികളാണെന്നതാണ് ഏറെ ആശ്ചര്യം. അതുമാത്രമല്ല കെജ്‌രിവാളിന്റെ പേരിന് അല്‍പ്പം മാറ്റവും വരുത്തിയിട്ടുണ്ട്. എ. ട്രാജഡിവാള്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അതുമാത്രമല്ല ആള്‍ക്ക് അല്പം മാനസിക പ്രശ്‌നമുണ്ടെന്നും പരസ്യത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെ ട്രാജഡി വാളിന്റെ ഐറ്റംഡാന്‍സും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ട്രാജഡിവാളിനെ കണ്ടത് ഗുജറാത്തിന്റെ ചില പ്രദേശങ്ങളിലാണെന്നും ഇതില്‍ പറയുന്നു.

ട്രാജഡിവാളിനെ കാണുന്നവര്‍ അദ്ദേഹത്തോട് പറയാന്‍ ഒരു സന്ദേശവും വീഡിയോയുടെ അവസാനത്തില്‍ പറയുന്നുണ്ട്. അതിങ്ങനെയാണ് സഹോദരാ ട്രാജഡിവാള്‍ നീ എവിടെയാണെങ്കിലും വീട്ടിലേക്ക് തിരികെ വരൂ. നീ തന്ന ഉറപ്പുകളുടെ പേരില്‍ ആരും നിന്നെ വഴക്കു പറയില്ല. എന്നാല്‍ നീ തിരികെ വന്നില്ലെങ്കില്‍ ഡല്‍ഹിയിലെ സാധാരണ വോട്ടര്‍മാരായ ഞങ്ങള്‍ രാജ്യത്തെ മറ്റു വോട്ടര്‍മാരെ എങ്ങനെ മുഖം കാണിക്കും. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഡല്‍ഹിയിലെ ജനതാ ദര്‍ബാറില്‍ വിവരമറിയിക്കണമെന്നും പറഞ്ഞിട്ടുണ്ട്.


രാഷ്ട്രീയ സംഭവ വികാസങ്ങളെ വിമര്‍ശിക്കുന്ന ഹാസ്യാനുകരണ വീഡിയോകളുടെ കൂട്ടത്തില്‍ യൂ ട്യൂബില്‍ റിലീസായ ‘ദുഖ്ദര്‍ശന്‍’ ഇതിനോടകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരസ്യത്തിന് അനുകരണ വീഡിയോ ഒരുക്കിയ കുട്ടികള്‍ തന്നെയാണ് കെജ്‌രിവാളിനെ കുറിച്ചും വീഡിയോ ഒരുക്കിയതിന് പിന്നില്‍. 2 ലക്ഷത്തിലധികം പേര്‍ ഈ വിഡിയോ കണ്ടുകഴിഞ്ഞു.