കിസ്‌ ഓഫ്‌ ലൗ കൂട്ടായ്‌മയുടെ ഫെയ്‌സ്‌ബുക്ക്‌ പേജ്‌ ഹാക്ക്‌ ചെയ്‌തു

Untitled-1 copyകൊച്ചി: ചുംബന സമരത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജ്‌ ഹാക്ക്‌ ചെയ്‌തു. ഇന്നലെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന സമരത്തെ തുടര്‍ന്ന്‌ ഇവരുടെ ഔദേ്യാഗിക ഫെയ്‌സ്‌ബുക്ക്‌ പേജ്‌ കാണാതാവുകയായിരുന്നു. തങ്ങളുടെ പേജ്‌ ഹാക്ക്‌ ചെയ്‌തതാണെന്നും ഇതേ കുറിച്ച്‌ വിശദമായ അനേ്വഷണം വേണമെന്നും കിസ്‌ഓഫ്‌ ലൗ മുഖ്യസംഘാടകന്‍ രാഹുല്‍ പശുപാലും പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലക്ക്‌ പരാതി നല്‍കിയതായും സംഘാടകര്‍ പറഞ്ഞു.

ഇതിന്‌ പുറമെ പ്രവര്‍ത്തകരുടെ സ്വന്തം പേരിലുള്ള അക്കൗണ്ടുകളും ഹാക്ക്‌ ചെയ്‌തതായി സംഘാടകര്‍ ആരോപിച്ചു. ചുംബനസമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ 75,000ത്തോളം ആളുകള്‍ ലൈക്ക്‌ ചെയ്‌ത ഔദേ്യാഗിക പേജാണ്‌ കാണാതായിരിക്കുന്നത്‌. സമരത്തിന്‌ പിന്തുണയേറുന്നതില്‍ രോഷം പൂണ്ട സംഘടനകളാണ്‌ ഇതിന്‌ പിന്നിലെന്ന്‌ സംഘാടകര്‍ ആരോപിച്ചു. കിസ്‌ ഓഫ്‌ ലൗ കൂട്ടായ്‌മയുടെ പേരില്‍ പുതിയ പേജ്‌ ആരംഭിച്ചിട്ടുണ്ട്‌.

അതേസമയം തങ്ങള്‍ ചുംബനസമരവുമായി മുന്നോട്ട്‌ പോകുമെന്ന്‌ കിസ്‌ഓഫ്‌ ലൗ സംഘാടകര്‍ പറഞ്ഞു. ഇന്നലെ മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ സമരം നടത്തിയ കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്യുകയും പിന്നീട്‌ വിട്ടയക്കുകയും ചെയ്‌തിരുന്നു.