ചുംബന സമരത്തിനിടെ അറസ്‌റ്റിലായ മാധ്യമ പ്രവര്‍ത്തകന്‌ ജാമ്യം

aneeb1കോഴിക്കോട്‌: ചുംബന സമരത്തിനിടെ അറസ്‌റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ അനീബിന്‌ കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട്‌ ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. തേജസ്‌ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറാണ്‌ അനീബ്‌. ഞാറ്റുവേല സാംസ്‌ക്കാരിക സംഘം നടത്തിയ ചുംബനത്തെരുവ്‌ സമരത്തിനിടയിലാണ്‌ അനീബിനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന്‌ ഐപിസി 332, 314 വകുപ്പുകള്‍ പ്രകാരവും അടിപിടിയില്‍ ഉള്‍പ്പെട്ടതിന്‌ ഐപിസി 160 എ പ്രകാരവുമാണ്‌ അനീബിനെതിരെ കേസെടുത്തിരിക്കുന്നത്‌. കേസില്‍ ഇന്നലെയാണ്‌ കോടതി വാദം കേട്ടത്‌. ചുംബനത്തെരുവ്‌ പരിപാടിയില്‍ പങ്കെടുക്കണമെന്ന ഉദേശത്തോടെ സ്ഥലത്തെത്തിയ അനീബ്‌ പോലീസിന്റെ വിശദീകരണം പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവര്‍ത്തിച്ചപ്പോള്‍ അനീബ്‌ മാധ്യമപ്രവര്‍ത്തകനാണെന്നും ജോലിയുടെ ഭാഗമായാണ്‌ സ്ഥലത്തെത്തിയതെന്നും അടിപിടിയില്‍ പെട്ടതാണെന്നും അനീബിനെതിരെ ചുമത്തിയ കേസുകള്‍ നിലനില്‍ക്കില്ലെന്നും കെ.രാജഗോപാല്‍ കോടതിയില്‍ വാദിച്ചു.

അനീബനെ അകാരണമായി അറസ്റ്റ്‌ ചെയ്‌തതിനെതിരെ നിരവധി സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകരും സംഘടനകളും രംഗത്ത്‌ വന്നിരുന്നു.