അടുത്ത കലോത്സവം പുതിയ ചിട്ടയില്‍: മന്ത്രി

കണ്ണൂര്‍ : അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം പുതിയ മാനുവല്‍ പ്രകാരമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സ്കൂള്‍ കലോത്സവ മാന്വല്‍ പരിഷ്കരണം സംബന്ധിച്ച് കലോത്സവം റിപ്പോര്‍ട്ടുചെയ്യുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ചനടത്തിയശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മാന്വല്‍ പരിഷ്കരണത്തിന് ക്രിയാത്മക നിര്‍ദേശങ്ങള്‍ സമാഹരിക്കുന്നതിന്റെ ആദ്യഘട്ടമായാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ചനടത്തിയത്. കലോത്സവവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രമുഖരുടെ അഭിപ്രായവും തേടും. ഫെബ്രുവരിയില്‍ മാന്വല്‍ പരിഷ്കരണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്താനുള്ള സമഗ്രമായ ചര്‍ച്ച നടത്തും. അതിനുശേഷം ശില്പശാല. അതില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് മാന്വല്‍ പരിഷ്കരണം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

കലോത്സവങ്ങളിലെ പണക്കൊഴുപ്പ്, ഉള്ളടക്കം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍, അപ്പീലുകള്‍ പരമാവധി കുറച്ച് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മത്സരാര്‍ഥികളുടെ എണ്ണം കുറക്കല്‍ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും നിര്‍ദേശം ഉയര്‍ന്നത്. 14 ജില്ലകളില്‍നിന്ന് ഓരോ വിദ്യാര്‍ഥി പങ്കെടുക്കുന്നതിന്  പകരം ഇതിന്റെ രണ്ടോ മൂന്നോ ഇരട്ടി വിദ്യാര്‍ഥികളാണ് ഓരോ മത്സരത്തിനും എത്തുന്നത്. ഇതുമൂലം മത്സരങ്ങള്‍ നിശ്ചിത സമയത്തിന് നടത്തിത്തീര്‍ക്കാന്‍ കഴിയുന്നില്ല. മത്സരത്തിന്റെ നിലവാരത്തെയും ഇത് ദോഷകരമായി ബാധിക്കുന്നു. ഇത് പരിഹരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു. അപ്പീല്‍ അനുവദിക്കുകയെന്നാല്‍ വിധിനിര്‍ണയത്തില്‍ അപാകമുണ്ടെന്ന് സമ്മതിക്കലാണെന്ന വാദവും ഉയര്‍ന്നു.