അഞ്‌ജുവിനോട്‌ കായികമന്ത്രി മോശമായി പെരുമാറിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

pinarayi vijayanതിരുവനന്തപുരം: കായികമന്ത്രി ഇ പി ജയരാജന്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ അഞ്‌ജു ബോബി ജോര്‍ജിനോട്‌ മോശമായി പെരുമാറിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്‌ജുവിന്റെ വിമാന യാത്രയെക്കുറിച്ച്‌ വിശദീകരണം ചോദിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും ഇതെങ്ങനെ അപമര്യാദയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ വിമാനയാത്രയടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക്‌ നല്‍കിയിരുന്നു. അതു ശരിയായ രീതിയിലല്ലോ എന്നാണ്‌ മന്ത്രി അവരോട്‌ ചോദിച്ചതെന്നും പിണറായി പറഞ്ഞു. അഞ്‌ജു തന്നെ വന്നു കണ്ടിരുന്നു. അവരെ രാഷ്ട്രീയത്തിന്റെ ആളായി കണ്ടിട്ടില്ലെന്ന്‌ താന്‍ പറഞ്ഞതായും പിണറായി പറഞ്ഞു.

അതേസമയം അഞ്‌ജു ബോബി ജോര്‍ജ്ജിനോട്‌ മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവര്‍ സന്തോഷത്തോടെയാണ്‌ പോയതെന്നും ജയരാജന്‍ പ്രതികരിച്ചു. തനിക്കെതിരെ പരാതികൊടുത്ത കാര്യവും അറിയില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.