കേരളത്തില്‍ രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചു;സ്പീക്കര്‍

 

 

 

 

 

 

 

(ചിത്രം ഫയല്‍)

മലപ്പുറം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിക്കുക വഴി സംസ്ഥാനത്ത് രണ്ടാം വിദ്യാഭ്യാസ പരിഷ്‌കരണത്തിന് ആരംഭം കുറിച്ചതായി നിയമ സഭാ സ്പീക്കര്‍ പി. ശ്രീരാമ ക്യഷ്ണന്‍ അഭിപ്രായപ്പെട്ടു. ക്ലാരി ഗവ.യു.പി.സ്‌കൂളില്‍ ജില്ലയിലെ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍. 1957 കാലഘട്ടത്തില്‍ സമഗ്ര വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയായിരുന്നു കേരളത്തില്‍ ഒന്നാം ഘട്ടത്തില്‍ വിദ്യാഭ്യാസ മാറ്റത്തിന് തുടക്കം കുറിച്ചത്. ആ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ സംസ്ഥാനത്ത് രൂപപ്പെട്ടു. എന്നാല്‍ അടുത്ത കാലത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ വിദ്യാഭ്യാസ മേഖല വല്ലാതെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇത് സാമൂഹ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. ഒരു പ്രദേശത്തെ 10 കുട്ടികള്‍ 10 സ്‌കൂളുകളിലായി പോകുന്ന കാഴ്ച വേദനിപ്പിക്കുന്നതായി. അടുത്തുള്ള രണ്ട് കുട്ടികള്‍ പരസ്പരം സംസാരിക്കാത്ത അവസ്ഥ ഗുരുതരമായ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുമെന്ന് തിരിച്ചറിവ് പുതിയ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്ക് കാരണമായതായി സ്പീക്കര്‍ പറഞ്ഞു.

ഇപ്പോള്‍ കാണുന്ന പാഠ പുസ്തകങ്ങള്‍ ക്രമേണ അപ്രത്യക്ഷമാവുമെന്ന് അഭിപ്രായപ്പെട്ട സ്പീക്കര്‍. ഇടി മുറികളില്ലാത്ത വിദ്യാഭ്യാസ സംസ്‌കാരവും സാശ്രയ സ്ഥാപനങ്ങളെ ക്യത്യമായി നിയന്ത്രിക്കുന്ന നിയമവും നമുക്ക് ഉണ്ടാവുമെന്ന് പറഞ്ഞു.
ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ഡപ്യുട്ടി ഡയറക്ടര്‍ പി.സഫറുള്ള വായിച്ചു. പി.കെ.അബ്ദുറബ്ബ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.