Section

malabari-logo-mobile

മിന്നാമിന്നികള്‍ പൂക്കുന്ന രാത്രി

HIGHLIGHTS : പ്രചണ്‌ഡമായ പ്രസന്നതയാണ്‌ ഗ്രീഷ്‌മത്തിന്റെ ഭാവം. അതങ്ങനെ കുംഭത്തിന്റെ കുടം ചൊരിഞ്ഞിറങ്ങുന്ന വെയില്‍ത്തിറയാടിപ്പടരും. പിന്നെ മീനത്തിന്റെ തീമാനം പിളര...

rai 3പ്രചണ്‌ഡമായ പ്രസന്നതയാണ്‌ ഗ്രീഷ്‌മത്തിന്റെ ഭാവം. അതങ്ങനെ കുംഭത്തിന്റെ കുടം ചൊരിഞ്ഞിറങ്ങുന്ന വെയില്‍ത്തിറയാടിപ്പടരും. പിന്നെ മീനത്തിന്റെ തീമാനം പിളര്‍ന്ന്‌ കാളുന്ന കനലിന്റെ ചീളുകള്‍. അകംപുറം ആകെയും ഒരു ആഴമുള്ള മങ്ങല്‍. അപ്പോളാണ്‌ മനസ്സില്‍ മഴക്കിനാവുകളുണരുന്നത്‌. നാട്ടുവേഴാമ്പലിന്റെ ദാഹംപോലെ മനസ്സും ശരീരവും ഭൂമിയും മാനവുംകൂടി ചിലപ്പോള്‍ കൊതിയൂറി കാത്തിരിയ്‌ക്കുന്ന വര്‍ഷത്തിന്റെ ഋതുവഴിയിലേക്ക്‌, കാലത്തിന്റെ ജാലകം തുറക്കുന്ന നിമിഷത്തിലേക്ക്‌….
എപ്പോളും വെയില്‍ കൊണ്ടുവരുന്നത്‌ ഈ മഴയുടെ സ്‌മൃതിയും ഗൃഹാതുരതയും തന്നെയാണ്‌. തപിച്ചിരിയ്‌ക്കുന്ന ഒരു വേളയില്‍ പടിഞ്ഞാറന്‍ മാനത്ത്‌-അതോ വടക്ക്‌ പടിഞ്ഞാറോ-ഒരു മൂടല്‍. അത്‌പിന്നെ പരന്ന്‌ പടര്‍ന്ന്‌ വ്യാപിക്കുകയായി. ഇടയ്‌ക്ക്‌ വേനലില്‍ പെയ്‌ത ആ ഓര്‍ക്കാമഴയുടെ സൗഖ്യമല്ലിതിന്‌. മേടവും കൊന്നപ്പൂവിന്റെ അവസാനത്തെ ഇതളും പൊഴിഞ്ഞു വീണിരിയ്‌ക്കുന്നു. മരങ്ങളും മനസ്സും ഇലപൊഴിച്ച്‌, മാങ്ങാക്കാലം തീര്‍ന്ന നാട്ടുമാഞ്ചോട്ടില്‍ സങ്കടംപേറി ചിലയ്‌ക്കാന്‍ മറന്ന ഒരു അണ്ണാര്‍ക്കണ്ണനെയോ ഖേദിച്ച്‌ കരയുന്ന തേന്മാവിന്‍കൊമ്പിലെ കാവതിക്കാക്കയേയോ പോലെ.
മേഘത്തിന്റെ അടരുകള്‍ കിഴക്കിനെ നോക്കി കുതിച്ചുപറക്കുമ്പോള്‍, കയ്യെത്തുകില്‍ ഒരു തടയിടാമെന്ന്‌ കൊതിയോടെ നോക്കിനോക്കി നിന്നുപോകുന്നു. ഇല്ല, അതെങ്ങും പോകുന്നില്ലെന്ന്‌ ഉറപ്പായും അറിഞ്ഞത്‌ മൂടിക്കെട്ടല്‍ തീര്‍ത്ത രാച്ചോട്ടിലെ വിങ്ങലില്‍ ഉറക്കത്തിനും ഉണര്‍വ്വിനുമിടയ്‌ക്കുള്ള ഒരവസ്ഥയിലാണ്‌.
പൊടുന്നനെ ആകാശം പൊടിഞ്ഞുവീഴുമ്പോലെ മേല്‍പ്പുരയില്‍ `ചറപറക്കൊട്ട്‌` തുടങ്ങുമ്പോള്‍ പേരറിയാത്ത ആഹ്ലാദം കൊണ്ട്‌ മനസ്സൊന്ന്‌ കുളിരണിയും. വേനല്‍ക്കനലാറ്റാന്‍, വഴിതെറ്റിയെത്തുന്ന കാറ്റിനെ ആവാഹിയ്‌ക്കാനായി തുറന്നിട്ട പടിഞ്ഞാറേ ജാലകത്തിലൂടെയിപ്പോള്‍ നേര്‍ത്ത കുളിരിന്റെ കാണാസൂചികളൊരുപാട്‌ ഒന്നിച്ചുവന്ന്‌ പൊതിയുമ്പോള്‍ ആദ്യാനുരാഗത്തിന്റെ നാളില്‍ അവളെ വിരല്‍ത്തുമ്പുകൊണ്ട്‌ പാതിയറിഞ്ഞും പാതിമറന്നും ഒന്നുതൊട്ട അനുഭൂതി…ആ കുളിര്‍സുഖത്തിന്റെ ആലസ്യത്തില്‍ അറിയാതെ കണ്ണൊന്നുമാളി. ഉറക്കം അതിന്റെ ലോലതന്ത്രികള്‍ മീട്ടിപ്പാടുകയാണ്‌. പതിയേ…പതിയേ…rain 4
മുറ്റത്ത്‌ നനഞ്ഞൊഴുകിപ്പടര്‍ന്ന ജലഭൂപടം. മണ്ണിന്റെ പൊടിയമര്‍ന്നിരിക്കുന്നു; മേല്‍പ്പാളിനീങ്ങിപ്പോയിരിക്കുന്നു. മരവും ചെടിയും ഒന്ന്‌ കുളിച്ചുതോര്‍ത്തി ഒരു ലാസ്യഭാവത്തില്‍ മെല്ലെ ഇലയാട്ടിയൊന്ന്‌ ചിരിച്ചപ്പോള്‍ ശേഷിച്ച പളുങ്കുമണികളും സ്‌ഫടികപ്പൂക്കള്‍പോലെ അടര്‍ന്നുവീഴുന്നു. എങ്ങും ഒരു സുഖാലസ്യം. കാത്തിരുന്ന ഒരു നിര്‍വൃതിയുടെ നിറം.
മഴ തുടങ്ങുകയാണ്‌!
പുതുമഴയില്‍ ഒരാവേശത്തോടെ ഇറങ്ങിക്കുതിര്‍ന്ന്‌ കുതൂഹലത്തോടെ തുടിച്ച ഓര്‍മ്മകള്‍ മുളയിടുന്നു. നനഞ്ഞതിനല്ല, പുതുമഴയില്‍ കുതിര്‍ന്നതിന്‌ പൊടിപൂരമായിരുന്നു. `പുതുമഴകൊണ്ടാ പനിപിടിക്കുംന്ന്‌ അറിഞ്ഞൂടേ..`ബഹളമയം. പക്ഷേ, പുതുമഴയുടെ പുളകത്തില്‍ ചെടിയും മലരുമൊക്കെ ചിറകാട്ടിനില്‍ക്കെ, ഭൂമി ആദ്യാനുരാഗത്തിലമരുന്ന കന്യകയുടെ, ലജ്ജാവിവശമായ മുഖകമലംപോലെ…കുളത്തില്‍ ഇറ്റുവീഴുന്ന ഓരോ തുള്ളിയും നേര്‍ത്തസ്ഥായിയില്‍ ഒരപൂര്‍വ്വമായ അമൃതവര്‍ഷിണി ആലപിക്കെ ആര്‍ക്കാണ്‌ അടങ്ങിയിരിയ്‌ക്കാനാവുക ഇപ്പോളും മനസ്സുകൊണ്ടെങ്കിലും മഴ നനയാത്തവരാരുണ്ട്‌! പനിക്കിടക്കയില്‍ ആശ്വാസത്തോടൊപ്പംതന്നെ `മൂത്തോരുടെ വാക്കും മുതുനെല്ലിക്കയു’മെന്ന പഴഞ്ചൊല്ല്‌ കേട്ടുള്ള ഉറക്കത്തില്‍ നിറയെ മഴയില്‍കുതിര്‍ന്ന സ്വപ്‌നത്തിന്റെ സുന്ദരമായ കാഴ്‌ചകള്‍.
ഇടവത്തിന്റെ ഇടവേളകളില്‍ അതങ്ങനെ ഇടയ്‌ക്ക്‌ പെയ്‌തും പെയ്യാതെയും കളിച്ചും ചിരിച്ചും നടന്നു. സ്വപ്‌നസഞ്ചാരംപോലെ മധുരതരമായ ഒരു സുഖം. മുറ്റത്തും തൊടിയിലും നനുനനുത്ത നാമ്പുനീട്ടി ഹരിതകഞ്ചുകം ചാര്‍ത്തുന്ന രോമാഞ്ചം. തിരിനീട്ടിയുണരുന്നതിന്‌ മണ്ണിന്റെ ഏതോ ശല്‌കത്തില്‍ നീണ്ടുനീണ്ട തപസ്സിരുന്ന ഏതൊക്കെയോ വിത്തും വേരും. പ്രാണന്റെ ആഹ്ലാദസന്ദായകമായ ഒരുണരല്‍. ജീവന്റെ ഒരു പുനര്‍ജ്ജന്മം. ഒക്കെ പുതുക്കിയുള്ള ഒരാരംഭം.
കഴുകിത്തോര്‍ത്തിയ മുറ്റം. മഴ തൂത്തുവാരിയ മേല്‍പ്പുരയും തൊടിയും; പിന്നെ മനസ്സുകൂടിയും. തെളികെട്ട അക്ഷരങ്ങള്‍ മായ്‌ച്ചുതുടച്ച്‌ ആദ്യമെഴുതുന്ന ചേടിപ്പെന്‍സിലിന്റെ തെളിവുറ്റ അക്ഷരംപോലെ ഒക്കെ തെളിയുകയാണ്‌.
rain-keralaഭൂമിയുടെ ഏറ്റവും ആഹ്ലാദനിര്‍ഭരമായ ഒരു കാലവും നേരവും ഒരുപക്ഷേ ഇതായിരിക്കും. പ്രപഞ്ചത്തില്‍ ആദ്യത്തെ ജീവന്‍ തുടിച്ചതിങ്ങനെയായിരിക്കുമോ…പ്രാണന്റെ പുതുമുകുളങ്ങളെ മുളപ്പിക്കാന്‍ ജൈവസത്ത ഏറ്റുവാങ്ങുന്ന സ്‌ത്രൈണതയുടെ ആത്മനിര്‍വൃതിനിറഞ്ഞ ആലസ്യം! ദിക്കിലും ദിശയിലും മേലും കീഴും ആദ്യാനുരാഗത്തിന്റെ മഴപ്പെയ്‌ത്ത്‌.
കനവിലും നിനവിലും മാത്രമല്ല മഴയൊരു കൂടും കൂട്ടുമാവുന്നത്‌. സാഹിത്യത്തിനും ചിത്രകലയ്‌ക്കുമൊക്കെ ഉണര്‍വ്വിന്റെ ഊര്‍ജ്ജപ്രവാഹവും പ്രസന്നതയും, ചിലനേരം പ്രാണന്റെ തന്ത്രിയില്‍ ആദ്യമൂതിയ ജീവന്റെ ശ്വാസംപോലുമായി അത്‌ വിടര്‍ന്നുനിന്നു.
മിഥുനം പടര്‍ത്തിയ മഴയുടെ കോലാഹലത്തില്‍ ആദ്യത്തെ ആ വിപ്രലംഭശൃംഗാരം മാഞ്ഞുപോയിരിക്കുന്നു. ഇലച്ചാര്‍ത്തിനടിയില്‍ കൂനിക്കൂടിയുള്ള കിളിയുടെ മ്ലാനമായ ഇരിപ്പ്‌. മേയാനുംവയ്യാതെ അയവെട്ടാന്‍ പോലും തോന്നാതെ, മഴ നൂലില്‍നിന്ന്‌ വാലോളംവണ്ണത്തില്‍ വളര്‍ന്ന്‌ വാര്‍ന്നുവീഴുന്നതും നോക്കി നിശ്ചേഷ്‌ടരായി നില്‍ക്കുന്ന കാലികളും മാടുകളും. ഉണരാന്‍, ഉണര്‍ന്നാലും എഴുന്നേല്‍ക്കാന്‍ മടിച്ച്‌ അലസമായിക്കിടന്ന്‌ പുറത്തെ മഴമേളത്തെ അകത്തേയ്‌ക്ക്‌ ആവാഹിക്കുന്ന പ്രഭാതങ്ങള്‍. നനഞ്ഞും കുതിര്‍ന്നുമല്ലാതെ എങ്ങും എവിടെയും തിരിയാനും മറിയാനും ആവാത്ത അവസ്ഥ. ഒഴിവുദിനങ്ങള്‍ അടച്ച്‌പിടിച്ച മഴയില്‍ കുതിര്‍ന്നലിഞ്ഞ്‌ തീരുന്നു. മനസ്സില്‍ മ്ലാനതയും മൗഢ്യവും കൂടുവെച്ച പകലുകളും മതികെട്ടുറക്കത്തിന്റെ രാവുകളും.
എന്തെന്ത്‌ മഴക്കിനാക്കളും, ആര്‍ദ്രമായ അനുഭവങ്ങളുമാണ്‌ മഴ പകരുന്നത്‌. മഴ ഒരോര്‍മ്മയും ഗൃഹാതുരതയുമാണ്‌. ഓരോ വര്‍ഷര്‍ത്തുവും എണ്ണംപെരുത്ത്‌പെരുത്ത്‌ മനസ്സിന്റെ താളുകള്‍ നിറയ്‌ക്കുകയാണ്‌. ഓര്‍മ്മകള്‍ക്ക്‌ വേരുപിടിച്ച നാള്‍ മുതല്‍ വല്ലാത്തൊരു കളിക്കൂട്ടാണ്‌ മഴ. പുതുമഴയില്‍ ആറാടിയപ്പോള്‍കിട്ടിയ മഴശ്ശകാരംതൊട്ട്‌ അത്‌ തുടങ്ങുകയായി-ചിലപ്പോള്‍ അതിനുമുമ്പുമാവാം-ഓര്‍മ്മകളുടെ അടരുകളില്‍ എത്രയെത്ര മഴകള്‍. മഴക്കാലത്തിന്റെ മായാക്കാഴ്‌ചകള്‍. മഴയനുഭവങ്ങള്‍.
മനസ്സിനകത്തുനിന്ന്‌ ഒരുകുട്ടി- മഴയിലേയ്‌ക്ക്‌ ഉല്ലാസത്തോടെ ഇറങ്ങിനനഞ്ഞ്‌ കുതിര്‍ന്ന്‌ കുളിരാടിനടക്കാനായ്‌ അവന്‍ ക്ഷണി ക്കുകയാണ്‌.kids-running-rain
എങ്ങനെയാണ്‌ മഴ കലണ്ടര്‍ നോക്കുന്നതെന്നറിയില്ല. ഒരലൗകിക ബന്ധം ജൂണിനും മഴയ്‌ക്കും തമ്മിലുണ്ട്‌. ആ പെരുമഴനാളില്‍ത്തന്നെയാണ്‌ സ്‌കൂള്‍തുറന്നത്‌. ഒരാലസ്യമാണ്ട്‌ കിടക്കപ്പായുടെ പെരുമഴപ്പകര്‍ച്ചകള്‍ പലമേളത്തില്‍ ആസ്വദിച്ച്‌ പുതപ്പുകൊണ്ട്‌ പൊതിഞ്ഞുമൂടി, ഉണര്‍ന്നിട്ടും ഉണരാതങ്ങനെ കിടക്കാന്‍ എത്രകൊതിച്ചതാണ്‌. എഴുന്നേറ്റാല്‍ത്തന്നെ തോരാത്ത ഇറയത്ത്‌ നോക്കി മയക്കം വിട്ടുമാറാത്ത കനംകുറഞ്ഞ മനസ്സോടെ ഇറവെള്ളം വരയ്‌ക്കുന്ന ജലചിത്രങ്ങള്‍ നോക്കി ഇരിക്കാന്‍…
പുത്തന്‍ചൂര്‌ ഓരോതാളിലും തളംകെട്ടിയ പുസ്‌തകങ്ങളും യൂണിഫോമിന്റെ പശിമമാറാത്ത ഒരൊട്ടലുമായി -ആ പശിമ കഴുകുന്നതെപ്പോളും മഴയാണ്‌- പിടിയും പൊട്ടി വില്ല്‌ മാത്രം മാറ്റിയ കുടയുമായി…. ഒരുകുടക്കീഴില്‍ എത്രപേരുണ്ടായിരുന്നു? ആകെ നനഞ്ഞാല്‍ കുളിരില്ലെന്ന ചൊല്ല്‌ അന്വര്‍ത്ഥമായത്‌ അന്നാണോ? പിന്നെപ്പിന്നെ ഏത്‌ മഴച്ചോട്ടിലും പുസ്‌തകത്തിന്റെ ഒരുകോണ്‍പോലും നനയാതെ തുള്ളിയ്‌ക്ക്‌ മാറിയും മറിഞ്ഞും നടക്കാന്‍ പഠിച്ചതും അങ്ങനെയൊരു മഴയിലും കാലത്തും!
വെയില്‍ചാഞ്ഞ ഒരുച്ചയില്‍, ഊഷരഭൂമിയെ കൊതിപ്പിച്ച്‌ ഒരുമഴക്കുടം തൂകിയതോര്‍മ്മയുണ്ട്‌. ആ ഓര്‍മ്മകള്‍ക്ക്‌ മഴയുടെ നിറമല്ല, പുതുമണ്ണിന്റെ മദഗന്ധമാണിന്നും. കവിഭാവനയിലേക്ക്‌, കന്നിമണ്ണിന്റെ ഗന്ധമുയര്‍ത്തി തെന്നല്‍ മദിച്ചുപായുന്നത്‌ മഴപ്പുസ്‌തകത്തിന്റെ ഈ ആദ്യ അധ്യായത്തില്‍നിന്നാണ്‌. ആ സൗഗന്ധത്തെ പുനഃസൃഷ്‌ടിക്കാന്‍ ഏത്‌ അരോമാറ്റിക്‌ ആല്‍ക്കീനുകള്‍ക്കാണാവുക, മഴയ്‌ക്കും മണ്ണിനും പിന്നെ മനസ്സിനുമല്ലാതെ!
പുറപ്പെടുമ്പോള്‍ മാനം നന്നായി തെളിഞ്ഞിരുന്നു. അലക്കിക്കൂട്ടി ഈര്‍പ്പത്തിന്റെ മണംകെട്ടിയ വസ്‌ത്രങ്ങള്‍ അകത്തെ ‘ചരുമുറിയിലേയ്‌ക്ക്‌ കടക്കാനാവാത്തമട്ടാക്കിയിട്ടുണ്ട്‌. പകല്‍ തെളിഞ്ഞപ്പോള്‍ ഏറ്റവും ആശ്വസിച്ചതും സന്തോഷം തുടംവെച്ചതും അമ്മയുടെ മുഖത്താണ്‌. ഒക്കെയൊന്ന്‌ ഈറന്‍വാട്ടാലോ.
കുടയെടുക്കാതെ ഇറങ്ങാന്‍ കഴിഞ്ഞതില്‍ നല്ല ആഹ്ലാദം. അല്ലെങ്കില്‍ കുട എപ്പോളും ഒരു ബാദ്ധ്യതയാണ്‌, മഴയത്തുപോലും. സ്‌കൂളിന്റെ പടി കേറുന്നതിനുമുമ്പ്‌ പൊടുന്നനെ, എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ്‌ മഴ കൊട്ടിപ്പിടഞ്ഞ്‌ പൊട്ടിവീണത്‌. ഇപ്പോള്‍ അമ്മ മഴയെ ശപിയ്‌ക്കുന്നുണ്ടാകും. അടുക്കളയിലെ ഏതൊക്കെയോ തിരക്കിനിടക്ക്‌ മുറ്റത്തേക്ക്‌ ഒരു പാച്ചിലും, ഏണും കോണും കെട്ടിയ അയകള്‍ക്കരികില്‍ ഒരു തുള്ളലും ചാട്ടവും മഴയെ പ്രാകുന്നതിന്‌ വല്ല്യമ്മ അകത്തുനിന്ന്‌ ശകാരിക്കുന്നുമുണ്ടാകും.
മഴതന്നെ മഴ. നിര്‍ത്തില്ലാത്ത പെയ്‌ത്ത്‌.
മീനാക്ഷിട്ടീച്ചറുടെ വലിയവായിലുള്ള ഒച്ചകള്‍ മഴക്കുഞ്ഞുങ്ങള്‍ക്കെന്ത്‌ പേടി! ആ ശബ്‌ദം വിഴുങ്ങിക്കളയുന്ന പെരുക്കത്തോടെ മഴ. ഒന്നുതുവരുമ്പോളേയ്‌ക്ക്‌ പിന്നെയും മൂടിപ്പെയ്യുകതന്നെ. എവിടെനിന്നാണ്‌ ഇക്കണ്ടകാലം കത്തിയെരിഞ്ഞ മാനത്ത്‌ ഇത്രയ്‌ക്കുപെയ്‌തിട്ടും തോരാതെ പിന്നെയും മേഘത്തിന്റെ പടപ്പുറപ്പാടെന്ന്‌ ശാസ്‌ത്രം പഠിഞ്ഞിട്ടും ഒരമ്പരപ്പുണ്ട്‌ മാറാതെ.
മഴത്തോര്‍ച്ചയുള്ള ഒരു ദിവസം ലൈബ്രറിപുസ്‌തകം മാറ്റിവരുമ്പോള്‍ പാടത്തിന്‍കരയ്‌ക്കെത്തിയപ്പോളാണ്‌ പറ്റിച്ചത്‌. പടിഞ്ഞാറാണ്‌ ആദ്യം പാറ്റല്‍ തുടങ്ങിയത്‌. കുടയെടുക്കാന്‍ അകത്തൊരുതോന്നല്‍ വന്നതാണ്‌. കാറ്റിന്റെ ഗന്ധത്തിലും ഈണത്തിലും നേരിയ സ്വരഭേദം കണ്ടപ്പോളേ തോന്നി. എന്നാലും വീട്ടിലെത്താന്‍ നേരംകിട്ടുമെന്ന്‌ കരുതി. ഇനിയെന്ത്‌? `ഇല്ലത്ത്‌ന്ന്‌വിട്ട്‌ അമ്മാത്തെത്താതെ’ എന്ന മട്ടായല്ലോ. തോട്ടുവക്കത്ത്‌ കാട്ടുചേമ്പിന്റെ ആനച്ചെവിയന്‍ ഇലയുണ്ട്‌. അവധിദിവസങ്ങളില്‍ അരണ്ടുപെയ്യുന്ന മഴയത്ത്‌ പാടത്തേയ്‌ക്ക്‌ തോടുവഴി മീന്‍ കയറുമ്പോള്‍ ചൂണ്ടലുമായി, മഴ നനയാതിരിയ്‌ക്കാന്‍ തലയ്‌ക്കുമേല്‍ ചേമ്പിലപിടിച്ചാണ്‌, ചൂണ്ടല്‍പൊങ്ങ്‌ മീന്‍ താഴ്‌ത്തുന്നത്‌ കണ്ടാസ്വദിക്കുന്നത്‌.
hqdefaultകയറിനില്‍ക്കാന്‍ ഇടമില്ലാതെ ഉച്ചഷിഫ്‌റ്റില്‍ ക്ലാസ്‌ കഴിഞ്ഞ്‌ സുന്ദരിപ്പെണ്‍കുട്ടികള്‍ മഴപ്പാച്ചില്‍ പായുന്നതും അപ്പോള്‍ ആ വഴിയ്‌ക്കുതന്നെ. ചേമ്പിലച്ചോട്ടിലങ്ങനെ നിന്ന്‌ നാണത്തില്‍ കുതിര്‍ന്നുപോവും.
ചായ്‌ച്ചുകെട്ടിയ അടുക്കള സ്‌കൂളിലെ ഉപ്പുമാവുപുരപോലെ കെട്ടിമേയാത്തതല്ല. എങ്കിലും ആദ്യമഴകളില്‍ ഓലകള്‍ ഒന്നമരുംവരെ അവിടവിടെ ഓരോ തുള്ളിയായും ചിലയിടത്ത്‌ ഒറ്റത്തിരിയിലും ചോര്‍ച്ചയുണ്ട്‌. കരിമെഴുകിയ നിലത്ത്‌, ചളുപിളേന്ന്‌ കുഴഞ്ഞിടത്ത്‌ പലകപ്പുറത്തിരുന്ന്‌ അപ്പംതിന്നുമ്പോള്‍ എത്രരുചിയുള്ള കറിയ്‌ക്കും ഒരു മടുപ്പ്‌ തോന്നും.
പുതുമഴയ്‌ക്ക്‌ പൊട്ടിമുളച്ചപോലെ വണ്ടും മഴപ്പാറ്റകളും തുരുതുരെ തലങ്ങും വിലങ്ങും പാറിപ്പറക്കും. എന്തെങ്കിലും തിന്നാനും കുടിക്കാനും വിളമ്പിവെച്ചാല്‍ അതില്‍ വീഴാതിരിയ്‌ക്കില്ല. എഴുതാനോ വായിയ്‌ക്കാനോ പുസ്‌തകമെടുത്തിരുന്നാലും പുസ്‌തകത്തില്‍വന്ന്‌ തലതല്ലിവീഴുമവ. എട്ടുംപത്തും വട്ടമല്ല വിളക്കുകെടുത്തല്‍. ഭൂമിയുടെ ഏതോ അടരുകളില്‍നിന്ന്‌ കൂട്ടംകൂട്ടമായുയര്‍ന്ന മഴപ്പാറ്റകള്‍ വിളക്കിന്‌ചുറ്റും വട്ടമിട്ട്‌ പറന്ന്‌ ഒടുവില്‍ തീനാളത്തിലേക്ക്‌…
പരന്ന കവടിപ്പിഞ്ഞാണത്തില്‍ വെള്ളംനിറച്ച്‌ കുപ്പിവിളക്ക്‌ അതിന്റെ നടുക്ക്‌ കത്തിച്ചുവെയ്‌ക്കും. വെളിച്ചത്തേയ്‌ക്ക്‌ പാറിയടുക്കുന്ന മഴപ്പാറ്റകളെ എണ്ണിയാവാം, എണ്ണം പിഴയ്‌ക്കാതെ പഠിഞ്ഞത്‌. അത്ഭുതമാണ്‌, ഏതേത്‌ മണ്ണിലും മാളങ്ങളിലുമാകും ഇവയത്രയും ഇതുവരെ തപസ്സിരുന്നത്‌.
rain6മഴക്കാലരാത്രികളില്‍ തവളകളുടെയും ചീവിടുകളുടെയും മത്സരിച്ചുള്ള വായ്‌ത്താരി നിര്‍ത്താതെകേള്‍ക്കും. സ്വതവേ ഇരുണ്ട രാത്രി വിജനതയ്‌ക്ക്‌ തുടംവെയ്‌ക്കും. ആ സംഗീതത്തില്‍കുതിര്‍ന്നുപോകുന്ന മനസ്സിന്റെ മൗനത്തോടെ അറിയാതെ ഉറക്കത്തിലേയ്‌ക്കൂര്‍ന്നുവീഴുമ്പോള്‍ മുറ്റത്തും തൊടിയിലും പാടത്തും തെങ്ങോലകളെയും ചെടിത്തലപ്പുകളെയും മിന്നാമിനുങ്ങുകള്‍ ദീപകണങ്ങള്‍കൊണ്ട്‌ അലങ്കരിയ്‌ക്കുകയായി…
മഴയൊന്ന്‌ പിന്‍വലിഞ്ഞ ഒരുച്ച. വെളിച്ചത്തിന്റെ ചില്ലുകള്‍ ഒരുനവോന്മേഷം പ്രദാനംചെയ്‌ത ഇലയ്‌ക്കും ചെടിയ്‌ക്കുമൊക്കെ ഒരു രസം. ഇടയ്‌ക്ക്‌ വെളിച്ചം കെട്ടുപോകാതെതന്നെ വിട്ടുവിട്ട്‌ മഴയൊന്ന്‌ ഒറ്റക്കമ്പികളില്‍ തൂകി. നിനയ്‌ക്കാമഴ. `മഴേംവെയിലും കുറുക്കന്റെ കല്ല്യാണ’മെന്നാണ്‌ പറച്ചില്‍. അങ്ങനെവന്നാല്‍ ചാകര കൊയ്യുമെന്നാണ്‌ മീന്‍പിടുത്തക്കാരുടെ വിശ്വാസം.
മച്ചുനച്ചി വിരുന്നുപാര്‍പ്പിന്‌ വന്നിട്ടുണ്ട്‌. മുമ്പൊരിയ്‌ക്കല്‍ അമ്മയുടെ തറവാട്ടുവീട്ടില്‍ ചെന്നപ്പോള്‍ കണ്ണാരംപൊത്തിനടത്തിയിട്ട്‌ ചോണനുറുമ്പിന്റെ കൂട്ടത്തില്‍ കൊണ്ടുനിര്‍ത്തിയതിന്റെ വിഹിതം കൊടുക്കാന്‍ പറ്റിയസമയം -അന്നതിന്‌ വിരുന്നുകാരന്റെ പരിഗണനയില്‍, അവള്‍ക്ക്‌ കുറിയ പേരയ്‌ക്കാവടികൊണ്ട്‌ അമ്മായിയുടെ അടയാളംകിട്ടിയത്‌ പിന്നൊരുപാടുകാലം ഒരു സങ്കടമായി മനസ്സില്‍ സൂക്ഷിച്ചതാണ്‌- ചെറിയ തൈമാവിലേയ്‌ക്ക്‌ പടര്‍ന്ന മുല്ലവള്ളിയില്‍നിന്ന്‌ പൂപറിച്ച്‌ നല്‍കാമെന്ന്‌ വാഗ്‌ദാനംകൊടുത്താണ്‌ കൊണ്ടുനിര്‍ത്തിയത്‌. കണ്ണടച്ചാല്‍ കയ്യില്‍ പൂവീഴ്‌ത്താമെന്ന്‌. അടഞ്ഞ കണ്ണിന്റെഞൊടിയില്‍ മരം കുലുക്കി ഒരോട്ടം. തുരുതുരെ ഇലപൊഴിയുമ്പോലെ അടര്‍ന്നുവീണ വെള്ളത്തുള്ളികള്‍ ആകെ കുതിര്‍ത്തിയപ്പോള്‍ പ്രതികാരത്തിന്റെ സുഖമല്ല ആ മുഖം പകര്‍ന്നത്‌, ഒരു ഖേദമോ സങ്കടമോ ഒക്കെയാണ്‌.
ഒഴിവുദിവസമാണ്‌.

rain
അടച്ചുപിടിച്ച മഴ. ഉണരാനല്ല, എഴുന്നേല്‍ക്കാന്‍ വൈകി. ഒഴിവുദിവസത്തിന്റെ കൂടി അലസത. എങ്ങോട്ടുപോകാനീ പെരുമഴയില്‍? മഴയില്‍ക്കുതിര്‍ന്ന്‌ ചിറകുകുഴഞ്ഞൊരു പഞ്ചവര്‍ണ്ണക്കിളി -പച്ചത്തൂവലുടുപ്പില്‍ ഇഴയിട്ട കുങ്കുമനിറമാണെങ്കിലും വിളിപ്പേര്‌ പഞ്ചവര്‍ണ്ണക്കിളിതന്നെ- അകത്തെ ഇരുട്ടകറ്റാന്‍ തുറന്നിട്ട ജനലിലൂടെ കുതിര്‍ന്നുവീണു. മഴയാല്‍ അകത്ത്‌ തളച്ചിട്ട കുട്ടികള്‍ക്കൊക്കെ രസമായി. കിളിയെ അടയ്‌ക്കാന്‍ കൂടും കൊടുക്കാന്‍ പഴവും തിരഞ്ഞുള്ള ബഹളം. ആ കഥ അവസാനിച്ചതെങ്ങനെയെന്നോര്‍മ്മയുണ്ടോ? കൂടാക്കിയ കുട്ടയ്‌ക്ക്‌ പുറത്ത്‌ ഒന്നുരണ്ട്‌ തൂവല്‍ പൊഴിഞ്ഞിട്ടുണ്ട്‌. കുട്ട താഴെപ്പടിയുടെ അരികിലേയ്‌ക്ക്‌, താഴേയ്‌ക്ക്‌ രക്ഷപ്പെടാവുന്ന വിടവോടെ കാണപ്പെട്ടു. പൂച്ചപിടിച്ചതല്ലെന്ന്‌ സമാധാനിക്കാനോ എന്തോ വടക്കേപ്പുറത്തെ മാങ്കൊമ്പില്‍ ഒരു പഞ്ചവര്‍ണ്ണക്കിളി ചിലച്ചിരുന്നൂവത്രേ. അത്‌ ഇണയെത്തിരഞ്ഞുവന്ന കിളിയായിരിക്കരുതേയെന്ന ഒരു തേങ്ങലും
മഴപെയ്‌തുനിര്‍ത്തിയാലും കാറ്റിന്റെ ചെറിയ കൈവീശലിലും മരംപെയ്‌തുകൊണ്ടിരിയ്‌ക്കും. മഴയടങ്ങുമ്പോള്‍ തഞ്ചത്തില്‍ ആരെയെങ്കിലും മരച്ചോട്ടിലെത്തിച്ച്‌ മരംകുലുക്കി ഓടിക്കളയുമ്പോള്‍ എന്തൊരാഹ്ലാദമാണ്‌!
മിഥുനത്തിന്റെ മഴപ്പിറവിയിലാണെന്ന്‌ തോന്നുന്നു, വെള്ളംകേറി തോടും തൊടിയും ഒന്നായി. കുട്ടികള്‍ക്കൊക്കെ കൃത്യമായ ലക്ഷ്‌മണരേഖകള്‍. മുറ്റത്തേയ്‌ക്കല്ല, ഇറയത്തേയ്‌ക്കുപോലും ഇറങ്ങരുത്‌ -മഴയൊന്ന്‌ മങ്ങിയാല്‍ ഞൊടിയില്‍ ആ പ്രളയജലധിയാകെയും ഏതോ ഭൂഗര്‍ഭത്തിലേക്ക്‌ ഉള്‍വലിയുന്നത്‌ ഇപ്പോളും അത്ഭുതംതന്നെ- ഈ മഴയ്‌ക്കാണ്‌ ചിറക്കുളത്തില്‍നിന്ന്‌ ദൂരെ പുഴയില്‍നിന്നുപോലും മീന്‍കേറുന്നത്‌. പിന്നെ തൊടിയിലെ ഇത്തിരിവെള്ളത്തിലുംകൂടി, തോടോളം ചാലിട്ട ഇറയിലേയ്‌ക്ക്‌ തോട്ടില്‍നിന്ന്‌ വലിയ വരാലും ആ കൊഴമ്പന്‍ മീശമീനും തുടിച്ചും പിടഞ്ഞും കരേറും.
മഴക്കാലത്ത്‌ കുളം നിറഞ്ഞുനില്‍ക്കുമ്പോള്‍ കുളവക്കില്‍ തലപൊന്തിച്ച്‌ കണ്ണാടി നോക്കുന്ന വാകമരക്കൊമ്പില്‍നിന്ന്‌ വെള്ളത്തിലേയ്‌ക്ക്‌ എടുത്തുചാടാം. അങ്ങനെ ചാടിമുങ്ങുമ്പോള്‍ കുളത്തിന്റെ അടിതൊടാന്‍പറ്റും. വെള്ളത്തില്‍ ഊളിയിട്ട്‌ ഒരു തൊട്ടുകളിയുണ്ട്‌. പിന്നെ ആരാണ്‌ ഏറെനേരം മുങ്ങിക്കിടക്കുന്നതെന്ന്‌ എണ്ണംപിടിച്ചാണ്‌ വിജയം കണക്കാക്കുന്നത്‌. മെല്ലെയെണ്ണി മുങ്ങാങ്കുഴിയിടുന്നവരെ തോല്‍പിയ്‌ക്കാന്‍ കള്ളക്കളി നടത്തുന്നവരുമുണ്ട്‌.
rainമഴക്കാലത്ത്‌ നട്ടുച്ചപോലും പെട്ടെന്ന്‌ ഇരുണ്ടുപോകും. പാടത്തും കുളത്തിലുമെല്ലാം നേരവും കാലവുമില്ലാതെ തവളകളുടെ `പേക്രോം’ഘോഷം തുടര്‍ന്നുകൊണ്ടേയിരിയ്‌ക്കും. തോട്ടുവെള്ളത്തിലും കുളത്തിനുമീതെയും മഴപെയ്യുന്നത്‌ ഒരുതരം പുളകത്തോടെയാണ്‌. ശ്രമിച്ചാല്‍ തുള്ളിക്കുമാറി മരച്ചോടുകളിലൂടെ തല നനയാതെ നടക്കാം. പക്ഷേ കാല്‌ നനയാതെ പറ്റില്ല. വെള്ളം പലവഴി ചാലിട്ടൊഴുകുന്നുണ്ടാകും.
തോടും കുളങ്ങളും നിറഞ്ഞുനില്‍ക്കും. പാടംതൂര്‍ത്ത്‌ തെങ്ങുവെച്ച ഏരുകള്‍ക്കിടയിലെ വെള്ളത്തില്‍, പുഴയില്‍നിന്നും ദൂരെയുള്ള കുളങ്ങളില്‍നിന്നുമെല്ലാം മീന്‍കേറിയിട്ടുണ്ടാകും. പാതിരാത്രിക്കും മീന്‍പിടുത്തക്കാരുടെ ബഹളങ്ങള്‍ മഴശ്രുതിയ്‌ക്കുകുറുകെ പതിഞ്ഞുകേള്‍ക്കാം. ദൂരെ പാടവരമ്പില്‍ പെട്രോമാക്‌സിന്റെയും നല്ലപ്രകാശമുള്ള ടോര്‍ച്ചിന്റെയും പൂരംതന്നെ കാണാം. പകല്‍ വെള്ളത്തിനുമീതെ ചോരക്കണ്ണന്‍ മക്കളെപ്പാറ്റി നടക്കും. തോട്ടില്‍ വൈകാതെ പരലും പൂട്ടകളും പ്രത്യക്ഷപ്പെടും. നെറ്റിമാനുകള്‍ വെള്ളം കുറഞ്ഞ തോടുകളിലാണ്‌. സ്‌കൂളിലേക്കുള്ള വഴിയില്‍ വെള്ളം കാലുകൊണ്ട്‌ തട്ടി ചെറിയ മീനുകളെ പിടിച്ച്‌ ചേമ്പിലയില്‍ വെള്ളം നിറച്ച്‌ അതിലിട്ട്‌ കെട്ടിപ്പൊതിഞ്ഞ്‌ സൂക്ഷിക്കും. സ്‌കൂള്‍ വിടുമ്പോളേയ്‌ക്ക്‌ മിക്കപ്പോളും വെള്ളം ചോര്‍ന്ന്‌ മീനുകളെല്ലാം ചത്തുമലയ്‌ക്കും. ഭാഗ്യംകൊണ്ട്‌ എന്തെങ്കിലും ശേഷിച്ചാല്‍ കുപ്പി കഴുകി പളുങ്കാക്കി അതില്‍ ഭംഗിയുള്ള പായലിലകളും ഇറക്കിവെച്ച്‌ മീനുകള്‍ അതിനകത്ത്‌ ഓടിയൊളിയ്‌ക്കുന്നതും കളിയ്‌ക്കുന്നതും നോക്കിരസിയ്‌ക്കും.
വെള്ളംകേറുന്ന മഴരാത്രിയില്‍ മുതിര്‍ന്നവര്‍, നല്ല പ്രകാശമുള്ള ടോര്‍ച്ചും കടംകൊണ്ട പെട്രോമാക്‌സും വെട്ടുകത്തിയുമൊക്കെയായി ഒരിറക്കമാണ്‌. പാടവും തോടും അരിച്ചുപെറുക്കി ആ വേട്ടയങ്ങനെ പാതിരയോളം തുടരും. വമ്പന്‍ മത്സ്യങ്ങളുമായി അവരുടെ വരവും കാത്ത്‌കാത്തിരുന്ന്‌ കുട്ടികള്‍ വലിയ മത്സ്യങ്ങളെ ജീവനോടെ സ്വപ്‌നംകണ്ട്‌ എപ്പോളോ ഉറക്കത്തിന്റെ കയങ്ങളിലേക്ക്‌ ഊര്‍ന്നുപോയിട്ടുണ്ടാകും.
ഒരു മഴവെള്ളക്കയറ്റത്തിന്‌ ഇതുപോലെ കൂട്ടുകാരോടൊപ്പം ഹരവും ബഹളവുമായി ഇറങ്ങിയത്‌ മീനൊക്കെ കയറിക്കഴിഞ്ഞുള്ള ഒരു ദിവസമാണ്‌. ടോര്‍ച്ചിലെ ചാര്‍ജ്ജൊക്കെ തീര്‍ന്ന്‌, വെള്ളത്തിന്‌ മുകള്‍പ്പരപ്പില്‍ `നെറ്റിമാന്‍` കുട്ടികളെ മാത്രംകണ്ട്‌ ഇളിഞ്ഞ്‌ തിരിഞ്ഞുനടന്നതും ഒരു മഴച്ചിത്രംതന്നെ.
ഇറയോട്‌ കൂട്ടിയിറക്കിയ കുഞ്ഞോലപ്പുരയിലായിരുന്നു കളി. താളിയിലപ്പപ്പടവും പൈന്‍മരത്തിന്റെ തൂമ്പുകൊണ്ട്‌ ചെമ്മീനും പഞ്ചാരപ്പൂഴികൊണ്ട്‌ അരിയും നേര്‍ത്ത മുരിങ്ങാക്കായപോലുള്ള പുല്‍വിത്തും ഒക്കെയായി ചോറും കറിയും വീടും കച്ചവടവും . ചെറുമഴപെയ്യുമ്പോള്‍ ഒറ്റക്കുതിപ്പിന്‌ ചുറ്റുകോലായിലേക്ക്‌ നൂര്‍ന്നെത്താം. വളരെ പെട്ടെന്നാണ്‌ മഴ മലവെള്ളംപോലെ അടച്ചുവീണത്‌. കോലായില്‍ അതൊന്നമരാന്‍ കാത്തുനില്‍ക്കെ ഇറയും മുറ്റവും മൂടി ഒന്നായി വെള്ളം കുത്തിയൊലിച്ചൊഴുകുമ്പോള്‍ കൂടെ ഒരു കളിയാക്കിച്ചിരിയോടെ ഒലിച്ചുപോയ `ചെമ്മീനും പപ്പടവും കടലാസുറിപ്പിക’യും ദൂരേയ്‌ക്ക്‌ കാഴ്‌ചവിട്ടകന്നത്‌ ഇന്നലെയായിരുന്നുവോ!
എത്രയെത്ര മഴപെയ്‌തുതോര്‍ന്ന ഭൂമിയും ആകാശവുമാണിത്‌. എന്തെല്ലാം ഒഴുകിയകന്നു. പിന്നെയെന്തൊക്കെ ഒഴുകിവന്നണഞ്ഞു. അനുക്രമവും അനുസ്യൂതവുമായി കാലം ജീവിതത്തിന്റെ തീരഭൂമികയെ വേരോടെ പിഴുതും ചിലപ്പോളെങ്കിലും ശാദ്വലവും പുഷ്‌കലവുമാക്കിയും ഒഴുകിനീങ്ങി. എന്നിട്ടും ഓരോ വര്‍ഷര്‍ത്തു വും ഇപ്പോളും ഓരോന്നുതന്നെ. ഒക്കെയും പുതിയത്‌. പുല്‍നാമ്പും പൂക്കളുംപോലെ, ഒഴുകുന്ന ഓരോ തുള്ളി വെള്ളവും പോലെ ഒക്കെയും പുതിയതുതന്നെ. ഈ മഴക്കനവുകള്‍പോലും.
കഴുകിത്തഴുകി ജീവന്റെ ഓരോ അംശത്തിലും കോശത്തിലും പുതിയ പുളകം നെയ്‌ത്‌ തന്ത്രികള്‍മീട്ടി അതങ്ങനെ വന്നുചേരുന്നു. എത്ര മുഷിഞ്ഞാലും മടിച്ചാലും അലസമായാലും പിന്നെയും വേണമെന്ന്‌ അന്തരാത്മാവ്‌ തപിക്കുന്ന ഒരു ശീതളസ്വപ്‌നമായി മഴ കൊതി പകരുകയാണ്‌.
ഇടവപ്പാതിയിലേയ്‌ക്ക്‌ തുറക്കുന്ന മനസ്സിന്റെ ജാലകത്തില്‍ കാത്തിരിപ്പിന്റെ തപ്‌തമായ ഏതൊക്കെയോ വിചാരങ്ങളും അതിലേറെ ഓര്‍മ്മകളുമായി ഇരിക്കെ പടിഞ്ഞാറ്‌ പക്ഷികളൊന്നൊഴിയാന്‍ തുടങ്ങിയ ആകാശത്ത്‌ വെണ്‍പുതപ്പിന്‌ ഒരു നിറഭേദം.
കാറ്റിന്‌ ഒരനക്കം. അതിന്റെ കാണാക്കൈകളില്‍ നേരിയ കുളിരിന്റെ സൂചിമുഖികള്‍. ഭാവംപകര്‍ന്ന പ്രകൃതിക്ക്‌ ഒരു മൂകത. ആകെ ഒരു മ്ലാനതയും മൗഢ്യവും. പൊട്ടിവീഴുമ്പോലെ ഇടയില്‍ അത്‌ സംഭവിക്കുന്നു, മഴ..
rain 7ഇറവെള്ളത്തിലും മഴക്കാലത്തുപ്രത്യക്ഷപ്പെടുന്ന ചെറുതോട്ടിലുമെല്ലാം ഒഴുക്കിയ കടലാസുതോണികളില്‍ എഴുതിപ്പിടിപ്പിച്ച, വളഞ്ഞുവലുതായ സ്വന്തം പേര്‌ എവിടെയെങ്കിലും ആരെങ്കിലും കണ്ട്‌ വായിക്കുമെന്ന്‌ കരുതി ഗൂഢമായി മനസ്സില്‍ ചിരിച്ച കാലത്തിനുശേഷമാണ്‌ ടാഗോറിന്റെ `പേപ്പര്‍ ബോട്ട്‌’ വായിക്കുന്നത്‌ അതുകൊണ്ടുതന്നെ കൗതുകമല്ല, പരിചിതമായ ഒരു സ്വാനുഭവമെന്നേ തോന്നിയുള്ളൂ.
ഇപ്പോള്‍ കടലാസുതോണികള്‍ കാലപ്രവാഹത്തിന്റെ വെള്ളപ്പാച്ചിലില്‍ ഒഴുകിയകന്നിരിയ്‌ക്കുന്നു. അകലെയകലെ എവിടേയ്‌ക്കോ. അല്ലെങ്കില്‍ കുതിര്‍ന്ന്‌ മുങ്ങിത്താണുപോയിരിയ്‌ക്കുന്നു. ആരുമാരും കാണാതെ, അറിയാതെ ആ പേരുകളും…

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!