കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റു

vijayanതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. പിണറായി വിജയന് തൊട്ടുപിന്നാലെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സിപിഐഎമ്മിന്റെ ആറാമത് മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. 14 ആം നിയമസഭയാണ് പിണറായി നയിക്കാന്‍ പോകുന്നത്. പിണറായി കേരളത്തിന്റെ പന്ത്രാണ്ടാമത് മുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയത്. ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദന്‍,മുന്‍ പ്രധാനമന്ത്രി ദേവഗൌഡ, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ,നടന്മാരായ മമ്മൂട്ടി, ദിലീപ്, മധു എന്നിവര്‍ പിണറായിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

മുഖ്യമന്ത്രി തന്നെ ആഭ്യന്തരവും, വിജിലന്‍സും കൈകാര്യം ചെയ്യും. ഇതിന് പുറമേ ഐടിയും പൊതുഭരണവും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുക. തോമസ് ഐസക്ക് തന്നെയാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുക. കടകംപളളി സുരേന്ദ്രനാണ് വൈദ്യൂതിയുടെയും ദേവസ്വത്തിന്റെയും ചുമതല. കെടി ജലീല്‍ തദ്ദേശ സ്വയംഭരണവും, സി രവീന്ദ്രനാഥ് വിദ്യാഭ്യാസവും, ഇപി ജയരാജന്‍ വ്യവസായവും കായികവും കൈകാര്യം ചെയ്യും. എകെ ബാലനാണ് നിയമം, സാംസ്‌കാരികം, പിന്നോക്കക്ഷേമം എന്നിവയുടെ ചുമതല. എസി മൊയ്തീന് സഹകരണംവും ടൂറിസവും, ടി പി രാമക്യഷ്ണന്‍ തൊഴില്‍, എക്‌സൈസ്, കെ കെ ഷൈലജ ആരോഗ്യം സാമൂഹ്യക്ഷേമം, ജി സുധാകരന്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍, മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ് പരാമ്പരാഗത വ്യവസായം എന്നിങ്ങനെയാണ് മറ്റുമന്ത്രിമാരുടെ വകുപ്പുകള്‍.ജനതാദള്‍(എസ്) പ്രതിനിധിയായ മാത്യു ടി തോമസിന് ജലവിഭവ വകുപ്പും എന്‍സിപി പ്രതിനിധിയായ എകെ ശശീന്ദ്രന് ഗതാഗത വകുപ്പും ലഭിച്ചു. കോണ്‍ഗ്രസ്(എസ്) പ്രതിനിധിയായി മന്ത്രിസഭയിലെത്തിയ കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പാണ് ലഭിച്ചത്. നേരത്തെ ദേവസ്വം വകുപ്പായിരുന്നു കടന്നപ്പള്ളി കൈകാര്യം ചെയ്തിരുന്നത്.