നിയമസഭാ മ്യൂസിയം ജനാധിപത്യ വികാസത്തിന്റെ നേര്‍ക്കാഴ്ച: സ്പീക്കര്‍

തിരുവനന്തപുരം: കേരളം കടന്നുപോയ സാമൂഹ്യ വികാസ പ്രക്രിയകള്‍ മനസ്സിലാക്കാനും ജനാധിപത്യ വികാസത്തിന്റെ വിശദാംശങ്ങള്‍ നേരില്‍ കണ്ടറിയാനും ഉതകുന്ന സംവിധാനമാണ് നിയമസഭാ സുവര്‍ണ ജൂബിലി മ്യൂസിയം പൈതൃക മന്ദിരമെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പൈതൃക മന്ദിരത്തിനു സംഭവിച്ച ക്ഷതങ്ങള്‍ കെട്ടിടത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരിഹരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.  നിയമസഭാ സുവര്‍ണ ജൂബിലി മ്യൂസിയം പൈതൃക മന്ദിരത്തിന്റെ സംരക്ഷണ-പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മ്യൂസിയത്തിനാവശ്യമായ എല്ലാ വികസന പ്രവര്‍ത്തനങ്ങളും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളിലൂ ടെ സാധ്യമാക്കും. മ്യൂസിയത്തോടൊപ്പം ആദ്യ മുഖ്യമന്ത്രി ഇ.എം.എസിന്റെ സ്മാരകമായ ഇ.എംഎസ് സ്മൃതിയും നടപ്പാക്കും. പലതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയൊരുക്കുന്ന വിധത്തില്‍ മ്യൂസിയങ്ങളുടെ പ്രവര്‍ത്തന ഘടനയില്‍ മാറ്റം വരുത്തുമെന്നും സ്പീക്കര്‍ പറഞ്ഞു.
പൈതൃക മന്ദിരത്തിന്റെ സംരക്ഷണം, അറ്റകുറ്റപ്പണികള്‍ എന്നിവ സംബന്ധിച്ച്  പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കെട്ടിടത്തിന്റെ പൗരാണികതയ്ക്കും തനിമയ്ക്കും കോട്ടം തട്ടാതെയായിരിക്കും പുനരുദ്ധാരണപ്രവൃത്തികള്‍ നടത്തുകയെന്ന് പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സ്വാഗതം പറഞ്ഞു. എംഎല്‍എ മാരായ എന്‍. ഷംസുദ്ദീന്‍, മുഹമ്മദ് മുഹ്‌സിന്‍, കെ.എസ്. ശബരീനാഥന്‍, എ. പ്രദീപ്കുമാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.