കേരളം ഇടത്തോട്ടെന്ന്‌ ടൈംസ്‌ നൗ-സീ വോട്ടര്‍ സര്‍വ്വേ

Story dated:Saturday April 2nd, 2016,10 23:am

zeeeee-w0wWNകേരളത്തില്‍ ഇടതുമൂന്നണി അധികാരത്തില്‍ വരുമെന്ന്‌ ടൈംസ്‌ നൗ-സീ വോട്ടര്‍ സര്‍വ്വേ. വരുന്ന നിമയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 86 സീറ്റും യുഡിഎഫ്‌ 53 സീറ്റും നേടുമെന്നാണ്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌. കേരളത്തിലെ പ്രധാന പ്രശ്‌നം അഴിമതിയാണെന്ന്‌ സര്‍വ്വേയില്‍ അഭിപ്രായ മുയര്‍ന്നു. കേരളമുള്‍പ്പെടെ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന അഞ്ച്‌ സംസ്ഥാനങ്ങളിലാണ്‌ ടൈംസ്‌ നൗ-സീ വോട്ടര്‍ സര്‍വ്വേ നടത്തിയത്‌. കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം. സംസ്ഥാനം നേരിട്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു ചോദ്യങ്ങള്‍.

സര്‍ക്കാറിന്റെ പ്രവര്‍ത്തങ്ങളില്‍ തൃപ്‌തരാണോ എന്ന ചോദ്യത്തിന്‌ അല്ല എന്ന്‌ 45 ശതമാനം പേര്‍ ഉത്തരം നല്‍കിയപ്പോള്‍ 21 ശതമാനം പേര്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്‌തരാണെന്ന്‌ പ്രതികരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ 43 ശതമാനം പേര്‍ അസംതൃപ്‌തരാണെന്ന്‌ രേഖപ്പെടുത്തിയപ്പോള്‍ 23 ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്‌തരാണെന്ന്‌ രേഖപ്പെടുത്തി. നാടിന്റെ നീറുന്ന പ്രശ്‌നം അഴിമതിയാണെന്ന്‌ സര്‍വ്വേയില്‍ പങ്കെടുത്ത 37 ശതമാനം പേരും അഭിപ്രായപ്പെട്ടു. തൊഴിലില്ലായിമയും ദാരിദ്ര്യവും ജീവിത നിലവാരവും അടക്കമുള്ള പ്രശ്‌നങ്ങളെ പിന്തള്ളിയാണ്‌ ഭൂരിപക്ഷവും അഴിമതിയെ സുപ്രധാന പ്രശ്‌നമായി വിലയിരുത്തിയത്‌.

ചരിത്രത്തിലാദ്യമായി എന്‍ഡിഎ കേരള നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ ജയലളിത തന്നെ വീണ്ടും അധികാരത്തിലെത്തും. പശ്ചിമബംഗാളില്‍ ഭരണത്തിലെത്തില്ലെങ്കിലും ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ്‌ നടത്തുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 160 സീറ്റ്‌ നേടുന്ന തൃണമൂലിന്‌ തൊട്ടുപിന്നില്‍ 106 സീറ്റുകളില്‍ ഇടത്‌ സഖ്യം വിജയിക്കുമെന്നാണ്‌ പ്രവചനം. അസം ബിജെപിക്ക്‌ തന്നെ ലഭിക്കും. എന്നാല്‍ രണ്ടോ മൂന്നോ സീറ്റിന്റെ വ്യത്യാസത്തില്‍ കോണ്‍ഗ്രസ്‌ രണ്ടാമതെത്തുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.