14 ാം നിയമസഭയുടെ ആദ്യ ബജറ്റ്‌ സമ്മേളനത്തിന്‌ തുടക്കമായി

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ്‌ സമ്മേളനത്തിന്‌ തുടക്കമായി. സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ ഗവര്‍ണര്‍ നയപ്രഖ്യാപനം ആരംഭിച്ചു. പുതിയ സര്‍ക്കാരില്‍ നിന്ന്‌ ജനങ്ങള്‍ക്ക്‌ വലിയ പ്രതീക്ഷയാണ്‌ ഉള്ളതെന്ന ആമുഖത്തോടെയാണ്‌ നയപ്രഖ്യാപനം ആരംഭിച്ചത്‌. സംസ്ഥാനത്ത്‌ അഴിമതിരഹിത ഭരണം ഉറപ്പു വരുത്തുമെന്ന്‌ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

കേരളത്തെ വിശപ്പ് രഹിത സംസ്ഥാനമാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 1,500 പുതിയ സ്റ്റാര്‍ട്ട അപ്പുകള്‍ തുടങ്ങും. പഞ്ചവത്സര പദ്ധതികള്‍ കൃത്യവും ആസൂത്രിതവുമാക്കും. സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും, തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ് എന്നിവയാണ് നയപ്രഖ്യാപനത്തിലെ മുഖ്യ വാഗ്ദാനങ്ങള്‍.

ഇളവ് നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. സ്വകാര്യ പദ്ധതികള്‍ പരിസ്ഥിതിക്ക് നാശമുണ്ടാകാതെ നടപ്പിലാക്കും. വനിതകള്‍ക്കെതിരായ അക്രമങ്ങള്‍ ചെറുക്കും. ക്രമസമാധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്ന് മാസത്തിനകം ആയിരെ വൈഫൈ കേന്ദ്രങ്ങള്‍ തുടങ്ങും. കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും. ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.