നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

kerala-niyamasabhaതിരുവനന്തപുരം: നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് ബഹളങ്ങളോടെ തുടക്കം. പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

മാണി രാജിവയ്ക്കണം, ഇല്ലെങ്കില്‍ പുറത്താക്കണമെന്ന പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നയപ്രഖ്യാപന പ്രസംഗം ആരംഭിക്കാന്‍ തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മാണിയെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കണമെന്ന് ഗവര്‍ണറോടു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്നു പറഞ്ഞുകൊണ്ട് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ആരംഭിച്ചതോടെ ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സീറ്റു വിട്ടു ഒന്നടങ്കം എഴുന്നേല്‍ക്കുകയും സഭയില്‍ നിന്നു ഇറങ്ങിപ്പോകുകയും ചെയ്തു.

അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേരള നിയമസഭയില്‍ നിന്ന് നയപ്രഖ്യാപന പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷം ഇറങ്ങിപ്പോകുന്നത്. ബജറ്റ് അവതരണത്തില്‍ നിന്ന് മാണിയെ ഗവര്‍ണര്‍ മാറ്റി നിര്‍ത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവെന്നും ഇക്കാര്യം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായും വി.എസ് നിയമസഭയ്ക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.