കോട്ടയത്ത്‌ വീണ്ടും ഘര്‍വാപ്പസി

Kerala_conversion_650_bigstryകോട്ടയം: കോട്ടയം ഉഴവൂരില്‍ 37 പേര്‍ ഘര്‍ വാപസിയില്‍ ഹിന്ദുമതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഉഴവൂരിലെ മൂന്ന് ചേരമര്‍ ക്രൈസ്തവ കുടുംബങ്ങളില്‍ നിന്ന് എട്ട് പേരും, രാമപുരം, മേലുകാവ് പ്രദേശങ്ങളിലെ റോമന്‍ കത്തോലിക്ക കുടുംബങ്ങളില്‍ നിന്നുള്ള 29 പേരുമാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസവും ഉഴവൂരില്‍ ഘര്‍വാസി നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഹിന്ദുമതത്തിലേയ്ക്ക് മാറിയാല്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ഇവരെ മതംമാറ്റിയതെന്നാണ് പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ മഠാധിപതി ബ്രഹ്മാനന്ദ സരസ്വതിയാണ് ഹിന്ദുമതത്തിലേയ്ക്ക് 37പേരേയും സ്വീകരിച്ചത്.

മഠത്തിന്റെ കീഴില്‍ അരീക്കരയില്‍ പ്രവര്‍ത്തിയ്ക്കുന്ന ശ്രീരാമദാസ മിഷനും അരീക്കരയില്‍ പ്രവര്‍ത്തിയ്ക്കുന്ന തന്ത്രവിദ്യാപീഠവുമാണ് ഘര്‍ വാപസിയ്ക്ക് നേതൃത്വം നല്‍കിയത്. എസ് എന്‍ ഡി പി ശാഖയുടെ കീഴിലുള്ള എസ് എന്‍ യുപി സ്‌കൂളില്‍ തീര്‍ത്ത ഹോമകുണ്ഡത്തിന് സമീപത്തായിരുന്നു ചടങ്ങ്.

ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും പിന്തുണയുമായി സ്ഥലത്തെത്തിയിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ 37 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും രാമായണവും നല്‍കി. കഴിഞ്ഞ മാസം 12 ന് 17 പേര്‍ ഉഴവൂരില്‍ ഹിന്ദുമതം സ്വീകരിച്ചിരുന്നു.