കേരളഹൗസിലെ റെയ്‌ഡ്‌; ദില്ലി പോലീസിന്റെ നടപടി തെറ്റെന്ന്‌ മുഖ്യമന്ത്രി

Story dated:Tuesday October 27th, 2015,12 40:pm

umman-chandy6തിരു: പശുവിറച്ചി വിളമ്പിയെന്ന പരായിയെ തുടര്‍ന്ന്‌ ദില്ലി കേരള ഹൗസില്‍ പോലീസ്‌ നടത്തിയ റെയ്‌ഡ്‌ തെറ്റായിപ്പോയെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ഹൗസ്‌ സ്വകാര്യഹോട്ടലോ ലാഭം ഉണ്ടാക്കാന്‍ വേണ്ടി നടത്തുന്ന മറ്റ്‌ ഹോട്ടലോ അല്ലെന്നും മുഖ്യമന്ത്രിയും ജനപ്രതിനിധികളും താമസിക്കുന്ന സ്ഥലമാണെന്നും അദേഹം പറഞ്ഞു.

പോലീസ്‌ അവിടെ കയറി പരിശോധന നടത്തുമ്പോള്‍ മിതത്വം പാലിക്കേണ്ടതായിരുന്നെന്നും ഈ വിഷയത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കണമെന്നും എന്നാല്‍ അതിന്‌ ചില നടപടി ക്രമങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വിഷയത്തില്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കാനോ ഇടപെടാനോ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത്‌ ആശ്ചര്യകരമാണെന്ന്‌ സിപിഐഎം പോളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വിഷയത്തില്‍ വിശദീകരണവുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയരിക്കുന്നത്‌.

കേരള ഹൗസിലെ സമൃദ്ധി റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ്‌ ഇവിടെ ബീഫ്‌ എന്ന പേരില്‍ വിളമ്പുന്നത്‌ പശുവിറച്ചിയാണെന്ന്‌ പരാതിപ്പെട്ടത്‌. ഇതെതുടര്‍ന്ന്‌ മുപ്പതോളം വരുന്ന പോലീസ്‌ സംഘം റസ്‌റ്റേറന്റിലെത്തി പരിശോധന നടത്തുകയായിരുന്നു. പശുവിറച്ചിയല്ല പോകത്തിറച്ചിയാണ്‌ ഇവിടെ വിളമ്പുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ സംഘം മടങ്ങുകയായിരുന്നു.

ഒരു മലയാളി യുവാവും രണ്ട്‌ കര്‍ണാടക സ്വദേശികളുമാണ്‌ പശുവിറച്ചി സംബന്ധിച്ചു പോലീസില്‍ പരാതിപ്പെട്ടതെന്നാണ സൂചന. റസ്റ്റോറന്റിലെ വിലവിവരപട്ടികയില്‍ ബീഫ്‌ എന്ന്‌ മലയാളത്തിലും മറ്റുള്ളവ ഇംഗ്ലീഷിലുമാണ്‌ എഴുതിയിരുന്നത്‌. ഇതിന്റെ ചിത്രമെടുക്കാന്‍ ഇവര്‍ ശ്രമിച്ചത്‌ റസ്റ്റോറന്‍്‌റിലെ ജീവനക്കാര്‍ ചോദ്യംചെയ്‌തിരുന്നു.