നടപടി വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം

downloadതിരുവനന്തപുരം: മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ അതിരുവിട്ട എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ബജറ്റ് നിയമാനുസൃതമാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിരുന്നു. ബജറ്റ് അവതരിപ്പിച്ചത് അനുമതി നല്‍കിയതിന് ശേഷമാണെന്ന സ്പീക്കറുടേയും നിയമസഭാ സെക്രട്ടറിയുടേയും വിശദീകരണവും തനിക്ക് കിട്ടിയെന്നും പി സദാശിവം വ്യക്തമാക്കി.

നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്. സഭയില്‍ നടന്ന സംഭവങ്ങള്‍ ആശങ്കയോടെയാണ് കാണുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ താക്കീത് നല്‍കിയിട്ടുണ്ട്.

സഭയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് സ്പീക്കറും നിയമസഭാ സെക്രട്ടറിയും ഗവര്‍ണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കമ്പ്യൂട്ടര്‍ തല്ലിത്തകര്‍ക്കുകയും മൈക്ക് വലിച്ചെറിയുകയും മറ്റും ചെയ്യുന്ന ദൃശ്യങ്ങളുടെ സിഡിയും ഗവര്‍ണര്‍ക്ക് കൈമാറി. ഇവ പരിശോധിച്ചശേഷമാണ് ഗവര്‍ണര്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്.

അതേസമയം ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. റിപ്പോര്‍ട്ട് നല്‍കുക സ്വാഭാവികമാണ്. അതിന് മറ്റൊരു തരത്തില്‍ പ്രാധാന്യം കല്‍പിക്കേണ്ടതില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഇല്ലെന്ന് പറഞ്ഞ ചെന്നിത്തല സഭയിലുണ്ടായ സംഭവങ്ങള്‍ക്ക് സി.പി.എമ്മും ഇടതുമുന്നണിയും ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.