Section

malabari-logo-mobile

‘പിണറായിയെ പൊളിച്ചടുക്കുന്നു’ എന്ന് അവകാശപ്പെടുന്ന എംകെ മുനീറിന്റെ വോയ്‌സ് ക്ലിപ്പിനെ പൊളിച്ചടുക്കി എകെ അബ്ദുല്‍ ഹക്കീം

HIGHLIGHTS : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓരോ മലയാളിയും തങ്ങളുടെ ഒരു മാസത്തെ വേതനം നല്‍കണമെന്ന അഭ്യര്‍ത്ഥനക്കെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീറിന്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓരോ മലയാളിയും തങ്ങളുടെ ഒരു മാസത്തെ വേതനം നല്‍കണമെന്ന അഭ്യര്‍ത്ഥനക്കെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീറിന്റെ പേരില്‍ ഇറങ്ങിയ വോയ്‌സ് ക്ലിപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസപ്രവര്‍ത്തകനും എഴുത്തുകാരനുമായ എകെ അബ്ദുല്‍ ഹക്കീം.
വോയസ് ക്ലിപ്പലൂടെ നടത്തിയ പ്രധാനആരോപണങ്ങളെയല്ലാം വസ്തുനിഷ്ടമായി മുനയൊടിച്ചുകൊണ്ടാണ് അബ്ദുല്‍ ഹക്കീമിന്റെ ഫെയസ്ബുക്ക് പോസ്റ്റ്.
കേരളത്തിന്റെ പ്രതിപക്ഷഉപനേതാവ് കൂടിയായ മുനീര്‍ പിണറായി മലയാളികളില്‍ നിന്ന് സംഭാവന ആവിശ്യപ്പെടുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന മലയാളിയില്‍ നിന്നും വീണ്ടും പണം ആവിശ്യപ്പെടുന്നു എന്നതായിരുന്നു വിമര്‍ശത്തിന്റെ കാതല്‍.

കൂടാതെ വിദേശത്ത് നിന്ന് എയര്‍കാര്‍ഗോയിലെത്തുന്ന ദുരിതാശ്വാസ പാര്‍സലുകള്‍ കാലതാമസം വരുന്നതിനും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

sameeksha-malabarinews

സാമൂഹ്യമാധ്യമങ്ങളില്‍ എംകെ മുനീര്‍ എംഎല്‍ എയുടെ നിലപാടിനെതിരെയും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ അബ്ദുല്‍ ഹക്കീമിന്റെ പോസ്റ്റും ഏറെ സജീവമായ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകള്‍
അവഗണിച്ച് വിമാനത്തിലെത്തുന്ന സാധനങ്ങള്‍ പരിശോധനയില്ലാതെ വി്ട്ടയക്കണമെന്ന നിര്‍ബന്ധബുദ്ധി പിടിക്കുന്നവരുടെ ഉദ്ദേശശുദ്ധിയെ കുറിച്ചും കുറിപ്പില്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്.

ഹക്കീം മാഷുടെ ഫെയസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

Abdul Hakeem A K

പിണറായിയെ പൊളിച്ചടുക്കുന്ന സാധനം എന്ന അടിക്കുറിപ്പോടെയാണ്, ഡോ.എം.കെ.മുനീറിന്റെ ഒരു ശബ്ദ സന്ദേശം ഇന്നലെ കിട്ടിയത്. മുഖ്യമന്ത്രിയെ കണ്ടാമൃഗത്തോടുപമിച്ച് പരിഹസിക്കുന്നതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തും വിധം കുറ്റപ്പെടുത്തുന്നതുമാണ് അഞ്ചര മിനിറ്റോളം വരുന്ന ആ വോയ്സ് ക്ലിപ്. യു.ഡി.എഫ് നേതൃയോഗം കഴിഞ്ഞതിന്റെ പിറ്റെ ദിവസമാണ് പ്രതിപക്ഷ ഉപനേതാവു കൂടിയായ മുനീർ സാഹിബിന്റെ വോയ്സ് ക്ളിപ് പുറത്തുവന്നത് എന്നത് യാദൃശ്ചികമാവാനിടയില്ല !!
മൂന്ന് പ്രധാന ആരോപണങ്ങളാണ് സന്ദേശത്തിലുള്ളത്.
ഇത്രയും വലിയ ദുരന്തത്തിൽ പെട്ടിരിക്കുന്ന ജനങ്ങളോട് മാസവരുമാനത്തിന്റെ വിഹിതം ചോദിക്കുന്ന മുഖ്യമന്ത്രി കണ്ടാമൃഗത്തെ പോലും മൃദുലചർമനാക്കുന്നു എന്നതാണ് ഒന്നാമത്തെത്. വീടും കൃഷിയും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് പണം അങ്ങോട്ട് കൊടുക്കുന്നതിന് പകരം, അവരോട് ഇങ്ങോട്ട് പണം ചോദിക്കാൻ സാധിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയെ കണ്ടാമൃഗത്തോടുപമിക്കാൻ മുനീറിനെ പ്രേരിപ്പിക്കുന്നത്. സൂക്ഷ്മമായി കേൾക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കാമ്പുള്ള ഒരാരോപണമല്ല ഇത്.ദുരന്തബാധിതരോടല്ല, പ്രത്യുത ലോകത്താകമാനമുള്ള മലയാളികളോടാണ് മുഖ്യമന്ത്രി സഹായം ചോദിച്ചിരിക്കുന്നത്.എന്നാൽ അത്ര ആഴത്തിൽ ആലോചിക്കാതെ കേൾക്കുന്നവരിൽ വലിയ തെറ്റിധാരണയുണ്ടാക്കുന്ന തരത്തിലാണ് ഇതിലെ ഭാഷാ പ്രയോഗം.’ അവരോട് ‘പണം വാങ്ങാൻ “നിങ്ങൾക്ക് ” നാണമില്ലേ എന്നാണ് തന്ത്രപരമായ ചോദ്യം. ജനങ്ങളെയും സർക്കാറിനെയും രണ്ട് തട്ടിലാക്കുന്ന, തമ്മിൽ ശത്രുക്കളാക്കാൻ ശ്രമിക്കുന്ന, ആളുകൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനാവാത്ത സൃഗാല ബുദ്ധിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എല്ലാം നഷ്ടപ്പെപ്പെട്ടവരും കഷ്ടപ്പെടുന്നവരുമായ ജനങ്ങളെ കുറിച്ച് പറയുന്നവരുടെ കൂട്ടത്തിൽ സർക്കാർ ജീവനക്കാരെ കൂടി ചേർത്ത്പിടിക്കുന്ന മുനീറിന്റെ ബുദ്ധിയിൽ, പണ്ടൊരു ശ്രീനിവാസൻ കഥാപാത്രം പറയും പോലെ ഒരു വെടിക്ക് പക്ഷി മൂന്നാണ്.ജനങ്ങളും സർക്കാറും തമ്മിൽ ശക്തിപ്പെട്ടിട്ടുള്ള ഐക്യം തകർക്കുക, സാമ്പത്തിക സഹായങ്ങൾ തടഞ്ഞ് കേരളത്തിന്റെ പുനർനിർമാണം മന്ദഗതിയിലാക്കുക, മുഖ്യമന്ത്രിക്കെതിരെ ജനങ്ങളിൽ തെറ്റിധാരണ സൃഷ്ടിച്ചെടുക്കുക എന്നിവയാണവ!
ദുരിതാശ്വാസ കേമ്പുകളിൽ സർക്കാറിന് ഇതുവരെ ഒരു പൈസയും ചെലവഴിക്കേണ്ടി വന്നിട്ടില്ല, അതിനാൽ നാണമുള്ളവർക്ക് ഇനിയും പണം ചോദിക്കാനാവില്ല എന്നാണ് രണ്ടാമത്തെ പ്രധാന ആരോപണം. സൗജന്യ റേഷൻ പോലും കൊടുത്തിട്ടില്ല എന്നൊക്കെ കേൾക്കുമ്പോൾ ശരിയല്ലേ എന്ന് ചിലരെങ്കിലും വിചാരിച്ചു പോവും വിധമാണ് ഈ ആരോപണവും ഉന്നയിച്ചിട്ടുള്ളത്.ജീവൻ രക്ഷാപ്രവർത്തനങ്ങളിലും റിലീഫ് പ്രവർത്തനങ്ങളിലും വമ്പിച്ച ജനകീയ ഇടപെടലുകൾ നടന്നു എന്നതും പൊതു ഖജനാവിൽ നിന്ന് അധികം തുക ചെലവാക്കേണ്ടി വന്നില്ല എന്നതും ആർക്കാണറിയാത്തത്? എന്നാൽ ഇനിയങ്ങോട്ട് നടക്കേണ്ട പുനരധിവാസം, പുനർനിർമാണം എന്നീ ഘട്ടങ്ങൾ പിന്നിടാൻ ഏതാണ്ട് എട്ട് വർഷം വേണ്ടിവരുമെന്നും ഒരു ലക്ഷം കോടിയോളം രൂപ ഇതിനായി കണ്ടെത്തേണ്ടിവരുമെന്നുമാണ് വിദഗ്ദർ പറയുന്നത്.ഇതിനുള്ള ദീർഘകാല പദ്ധതികൾ അവതരിപ്പിച്ച സർക്കാറിനെ പ്രതിക്കൂട്ടിലാക്കും വിധം, രണ്ടാഴ്ച കാലത്തെ ചെലവില്ലാത്ത ദുരിതാശ്വാസ-റിലീഫ് പ്രവർത്തനങ്ങളെ ഉദാഹരിക്കുന്ന ഡോക്ടർ എം.കെ.മുനീർ വിവരക്കേട് പറയുകയാവും എന്ന് വിചാരിക്കാൻ പ്രയാസമാണ്. മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കണ്ടാൽ മതിയെന്ന് പറയുന്ന അമ്മായിയമ്മ കോംപ്ലക്സിന്റെ ആൾരൂപമായി മുദ്രകുത്തപ്പെടാൻ മുനീർ സർവ്വാത്മനാ യോഗ്യനായിരിക്കുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി!
ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് സുമനസുകളായ ആളുകളയച്ചിട്ടുള്ള സാധനങ്ങൾ സന്നദ്ധ പ്രവർത്തകർക്ക് വിട്ടുകിട്ടുന്നതിനുള്ള നിയമതടസങ്ങളാണ് വികാരവിക്ഷുബ്ധനായി അദ്ദേഹം ഉന്നയിക്കുന്ന മൂന്നാമത്തെ ആരോപണം.പാർസലുകളെടുക്കാൻ തിരുവനന്തപുരം എയർ കാർഗോയിലെത്തിയവരെ തടഞ്ഞ ജില്ലാ കലക്ടറെയും അതിന് നിർദ്ദേശം നൽകിയ മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തുന്ന മുനിർ സാഹിബ്, ജനങ്ങൾക്കുള്ള സഹായം തടഞ്ഞുവെക്കാൻ നിങ്ങളൊക്കെ ആരാണെന്ന വെല്ലുവിളിയും ഉയർത്തുന്നുണ്ട്. എയർ കാർഗോയിലെത്തുന്ന പാർസലുകൾ വിട്ടു കൊടുക്കുന്നതിനു മുമ്പുള്ള പരിശോധനകളെ കുറിച്ചറിയാത്തവരല്ല നമ്മളാരും തന്നെ. നല്ലവരായ ആളുകൾ ശേഖരിച്ചയക്കുന്ന പാർസലുകളുടെ കൂട്ടത്തിൽ ഏതെങ്കിലും ഒരാൾ, അല്ലെങ്കിൽ ഒരു മാഫിയാ സംഘം തന്നെ നുഴഞ്ഞു കയറിയാൽ എന്തായിരിക്കും ഫലം? സ്വർണംമുതൽ ലഹരിമരുന്നുകളും ആയുധങ്ങളും വരെ കടത്തിക്കൊണ്ടുവരാൻ ഇത്തരം സന്ദർഭങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം എന്ന സംശയത്തിൽ, എത്തിയിട്ടുള്ള മുഴുവൻ പാർസലുകളും സൂക്ഷമ പരിശോധന കഴിഞ്ഞ ശേഷമേ വിട്ടുകൊടുക്കാവൂ എന്ന തീരുമാനം എങ്ങനെയാണ് തെറ്റായിത്തീരുക? അയച്ചതാര്, സ്വീകരിക്കുന്നതാര് എന്നൊക്കെ പറഞ്ഞാൽ മാത്രമേ നിങ്ങൾ വിട്ടുകൊടുക്കുകയുള്ളൂ എന്ന വിണ്ഢിച്ചോദ്യം മുൻ മന്ത്രി കൂടിയായ മുനീറിൽ നിന്ന് സ്വാഭാവികമായും പ്രതീക്ഷിക്കാനാവാത്തതാണ്.ഇത്തരം മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ടും സാധനങ്ങൾ വിട്ടുകൊടുക്കാൻ നിർബദ്ധം പിടിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി തന്നെ സംശയിക്കപ്പെടും എന്ന് മനസിലാക്കാനുള്ള ബുദ്ധി കാണിച്ചില്ല എന്നത് മുസ്ലീം ലീഗിന്റെ സഭാ നേതാവിന് സംഭവിച്ച ഗുരുതരമായ പിഴവാണ് !!!
”പൊളിച്ചടുക്കുന്ന മെeസജ് ” എന്ന ലീഗ് സുഹൃത്തിന്റെ കമന്റ് കറക്ടാണ്. പക്ഷെ ആരെ പൊളിച്ചടുക്കുന്ന എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം എഴുത്തുകാരൻ,ഭിഷഗ്വരൻ, കലാകാരൻ, പുസ്തക പ്രസാധകൻ എന്നിങ്ങനെ വൈവിധ്യമാർന്ന വ്യക്തിത്വത്തിനുടമയായിരുന്ന ഡോ.എം.കെ.മുനീർ, തന്റെ ഇമേജ് ഒന്നടങ്കം സ്വയം പൊളിച്ചടുക്കിയ ഒരു മെസേജായാണ് കാലം ഇതിനെ വായിച്ചെടുക്കുക. മതത്തിന്റെ ലേബലിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലീം ലീഗിന്റെ നേതാവിനെ, ദുരന്തത്തിലമർന്ന ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപിനെ തടഞ്ഞു എന്ന പാപത്തിനുള്ള ശിക്ഷയിൽ നിന്ന് സർവശക്തനായ ദൈവം കാത്തുരക്ഷിക്കട്ടെ!
…………………………………………………………….
NB : ഈ ശബ്ദസന്ദേശം വ്യാജ നിർമിതിയാവാം എന്ന് ചിലർ പറയുന്നു. എങ്കിൽ അത് പരസ്യമായി പറയേണ്ടത് മുനീർ തന്നെയാണ്.അങ്ങനെ വന്നാൽ ഈ പോസ്റ്റ് എഴുതിയതിന്റെ പേരിൽ അപമാനിതനാവുകയല്ല, ഏറെ ഇഷ്ടപ്പെടുന്ന മുനീർ സാറിന്റെ കുറ്റവിമുക്തിയിൽ സന്തോഷിക്കുകയാണ് ഞാൻ ചെയ്യുക. പക്ഷെ ഈ മെസജ് പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും അദ്ദേഹമിത് നിഷേധിച്ചിട്ടില്ല എന്നത് എന്നെ നിരാശനാക്കുന്നു!

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!