വനം വകുപ്പിന്‌ നാനൂറ്‌ കോടി കേന്ദ്ര സഹായം ആവശ്യപ്പെട്ടു

forestഅടിസ്ഥാന സൗകര്യ വികസനത്തിന്‌ നൂറ്‌ കോടിയും വനവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നൂറ്‌ കോടിയും വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന്‌ ജനങ്ങളെ സംരക്ഷിക്കുന്നതിനുമായി ഇരുനൂറ്‌ കോടിയും ഉള്‍പ്പെടെ വനം വകുപ്പിന്റെ ആധുനീകരണത്തിന്‌ നാനൂറ്‌ കോടിയുടെ ധനസഹായത്തിന്‌ വനം വന്യജീവി വകുപ്പ്‌ മന്ത്രി കെ. രാജു കേന്ദ്ര വനം മന്ത്രിയോട്‌ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത്‌ കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി പ്രകാശ്‌ ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്‌. പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും കൂടുതല്‍ വനമേഖലയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്‌. വനം വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ പത്ത്‌ ശതമാനത്തിലധികം തുക മാറ്റിവയ്‌ക്കുന്നത്‌ അടിസ്ഥാന സൗകര്യ വികസനത്തിനാണ്‌. ഫോറസ്റ്റ്‌ സ്റ്റേഷനുകള്‍, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ്‌ കോടി രൂപ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വനവാസികളായ പട്ടികവര്‍ഗ വിഭാഗങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇരുപത്തയ്യായിരത്തോളം കുടുംബങ്ങള്‍ വനത്തിനകത്ത്‌ താമസിക്കുന്നവരാണ്‌. ഇവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതാമാക്കേണ്ടതുണ്ട്‌. ഇതിനായി നൂറ്‌ കോടി രൂപയോളം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വന്യജീവികള്‍ അപകടത്തില്‍പ്പെടുമ്പോള്‍ ചികിത്സിക്കുന്നതിനും, വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുമായി ഇരുനൂറ്‌ കോടിയുടെ സഹായവും മന്ത്രി അഭ്വര്‍ത്ഥിച്ചു. ഇത്‌ സംബന്ധിച്ച്‌ വിശദമായ നിവേദനവും കേന്ദ്രമന്ത്രിക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.