തിയേറ്റര്‍ സമരം പിന്‍വലിച്ചു

കൊച്ചി: സംസ്ഥാനത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഇന്ന് മുതല്‍ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം പാലിച്ചും സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലുമാണ് സമരം പിന്‍വലിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നു.ഒന്നും നേടികൊണ്ടല്ല സമരം പിന്‍വലിക്കുന്നതെന്നും തിയേറ്ററുകള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടായാല്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

തിയേറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരുമാസമായി തിയേറ്ററുകള്‍ അടച്ചിട്ടുള്ള സമരത്തിലായിരുന്നു സംഘടന. നിര്‍മ്മാതാക്കളും വിതരണക്കാരും വിഹിതം വര്‍ദ്ധിപ്പിക്കുന്നതിന് എതിരായതോടെ തിയേറ്ററുകള്‍ അടച്ചിടുകയായിരുന്നു. ക്രിസ്മസ് ചിത്രങ്ങള്‍പോലും റിലീസിനെത്തിയിരുന്നില്ല.അതേസമയം എക്സിബിറ്റേഴ്സ് ഫെഡറേഷന് പകരമായി പുതിയ സംഘടനയുണ്ടാകാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടെയാണ് സമരം അവസാനിപ്പിക്കുന്നത്. തിയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനമാണ് ആവശ്യപ്പെട്ടിരുന്നത്. നിലവിലെ 60-40 അനുപാതം നിലനിറത്തണമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും കടുത്ത നിലപാടെടുത്തു.

അതിനിടെ സംഘടനയുടെ എതിര്‍പ്പ് വകവയ്ക്കാതെ മുപ്പതോളം തിയേറ്ററുകള്‍ തമിഴ്ചിത്രമായ ഭൈരവ റിലീസ് ചെയ്തിരുന്നു.ഇതിന്റെ ചുവടുപിടിച്ച് ഇരുപതോളം തിയേറ്ററുകള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങി പുതിയ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള ആലോചനയിലായിരുന്നു. ഈ തിയേറ്റര്‍ ഉടമകളെ കൂട്ടുപിടിച്ചു നടന്‍ ദിലീപാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നാണ് പറഞ്ഞിരുന്നത്.