2020 ഓടെ കേരളത്തിലെ ഉന്നതവിദ്യാസ്ഥാപനങ്ങള്‍ അക്രഡിറ്റേഷന്‍  നിലവാരത്തിലേക്ക് ഉയരണം;ഗവര്‍ണര്‍ പി. സദാശിവം

കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ 2020 ഓടെ അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയരാന്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. യു.ജി.സിയുടെയും നാക്കിന്റെയും ആഭിമുഖ്യത്തില്‍ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാര വിലയിരുത്തലും അക്രഡിറ്റേഷനും സംബന്ധിച്ച് കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ജി.സിയുടെ ലക്ഷ്യം 2022 ന് മുമ്പ് എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ്. അതിനുമുമ്പ് ലക്ഷ്യത്തിലെത്താന്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ക്കാകണം.
സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം നിലവാരവും ഉറപ്പാക്കണം. എല്ലാ മേഖലയിലും നിലവാരം പ്രധാനഘടകമാണ്, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസമേഖലയില്‍. 25 വയസിനുതാഴെയുള്ള യുവാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനാകുന്നവിധം വികസിക്കുന്നകാര്യത്തില്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖല കടുത്ത സമ്മര്‍ദ്ദത്തിലാണ്.
അതിവേഗമുള്ള നഗരവത്കരണം, അവസരങ്ങളുടെ വര്‍ധന തുടങ്ങിയവ പഠനാവസരങ്ങളുടെ വികസനവും ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്തുയര്‍ത്തലും ആവശ്യഘടകങ്ങളാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലിന്ന് 45,000 കോളേജുകളും 800 ഓളം സര്‍വകലാശാലകളുമായി വളരെ വിശാലമായ ഉന്നതവിദ്യാഭ്യാസരംഗമാണുള്ളത്. 375 സര്‍വകലാശാലകള്‍ക്കും 8000 ഓളം കോളേജുകള്‍ക്ക് നനിലവാരം ഉറപ്പാക്കി അക്രഡിറ്റേഷന്‍ നല്‍കാന്‍ നാകിന് കഴിഞ്ഞിട്ടുണ്ട്.
നിലവാരമുറപ്പാക്കാനുള്ള അക്രഡിറ്റേഷന്‍ ഇന്ന് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പൊതുലക്ഷ്യമാണ്. യു.ജി.സിലുടെയും മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ കേരളത്തിലെ നാല് സര്‍വകലാശാലകള്‍ വന്നിട്ടുണ്ട്.
കോളേജുകള്‍ക്ക് നിലവാരമുറപ്പാക്കി അക്രഡിറ്റേഷന്‍ ലഭ്യമാക്കുക എന്നത് മാനേജ്‌മെന്റുകളുടെ മാത്രം കടമയല്ല. മൊത്തം അക്കാദമിക, പ്രദേശിക സമൂഹവും അതിന്റെ ആവശ്യകത മനസിലാക്കണം.
മികച്ച സ്റ്റാര്‍ട്ട്അപ്പ് സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനത്തിന്റെ എന്ന മേന്‍മ ഉപയോഗപ്പെടുത്താന്‍ കോളേജുകളും സര്‍വകലാശാലകളും ശ്രമിക്കണം. ക്ലാസ്മുറികളില്‍നിന്ന് ജോലിസ്ഥലങ്ങളിലേക്ക് കുട്ടികള്‍ക്ക് കടന്നുചെന്ന് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്താന്‍ ഇതിലൂടെ വിദ്യാര്‍ഥികള്‍ക്കാകണം.
ആഗോള ഗവേഷണരംഗത്ത് ഇന്ത്യയുടെ പങ്കാളിത്തം കുറവാണ്. ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്താനും കൂടുതല്‍ പേറ്റന്റുകള്‍ നേടാനും മികച്ച മാനവവിഭവസൂചികയുള്ള കേരളത്തിന് പങ്ക് വഹിക്കാനാകും.
അധ്യാപകരുടെ വിജ്ഞാന അടിത്തറ വര്‍ധിപ്പിച്ചും, സിലബസുകളും അധ്യാപനരീതിയും കാലാനുസൃതമാക്കിയും നിലവാരമുയര്‍ത്തണം. അസസ്‌മെന്റ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്ന കുറവുകള്‍ മനസിലാക്കിയും തിരുത്തിയുമാണ് നിലവാരമുയര്‍ത്തേണ്ടത്. ഓരോ സ്ഥാപനങ്ങളിലും പ്രിന്‍സിപ്പല്‍മാര്‍ മാറ്റത്തിന് തുടക്കം കുറിക്കാനാകുന്ന നേതാവാകണം. കാമ്പസുകള്‍ സമൂഹത്തിന് മാതൃകാസ്ഥാപനങ്ങളാകണം. പരിസ്ഥിതി സൗഹൃദ നടപടികളുമായും ഭിന്നശേഷിക്കാരെയും ട്രാന്‍സ്‌ജെന്‍ഡറുകളെയും ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമുള്ള സ്ഥാപനങ്ങളാകണം.
കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പത്രവാര്‍ത്തകള്‍ ഉള്‍പ്പെടെ വിലയിരുത്തി പരിഹരിക്കാന്‍ ചാന്‍സലര്‍ എന്നനിലയ്ക്ക് ശ്രമിക്കാറുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. യു.ജി.സി ബംഗളൂരു ഹെഡ് ആന്റ് ജോയന്റ് സെക്രട്ടറി ഡോ. എസ്.സി. ശര്‍മ അധ്യക്ഷത വഹിച്ചു. നാക് ഡയറക്ടര്‍ ഡോ. ജി. ശ്രീനിവാസ്, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. സി. ഗണേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles