കേളത്തിന്റെ കാലാവസ്ഥയും പ്രകൃതിയും സംരക്ഷിക്കേണ്ടത്‌ ഓരോ മലയാളിയുടെയും കടമയാണ്‌; ഗവര്‍ണര്‍

downloadതിരു: കേരളത്തിലെ കാലാവസ്ഥയും പ്രകൃതിഭംഗിയും സംരക്ഷിക്കേണ്ടത്‌ ഓരോ മലയാളിയുടെയും കടമയാണെന്നും ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവം പറഞ്ഞു.സംസ്ഥാന മണ്ണ്‌ പര്യവേക്ഷണ സംരക്ഷണ വകുപ്പ്‌ പുറത്തിറക്കിയ മൈക്രോ ലെവല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓണ്‍ സോയില്‍സ്‌ ഓഫ്‌ കേരള എന്ന വെബ്‌സൈറ്റിന്റെ പ്രകാശനം വി.ജെ.ടി ഹാളില്‍ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കൃഷിയിടത്തിലെയും മണ്ണിന്റെ പ്രത്യേകതകളെക്കുറിച്ച്‌ കര്‍ഷകന്‌ വെബ്‌സൈറ്റിലൂടെ വിവരം ലഭ്യമാക്കുന്ന മൈക്രോ ലെവല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓണ്‍ സോയില്‍സ്‌ ഓഫ്‌ കേരള രാജ്യത്തിന്‌ മാതൃകയാണെന്ന്‌ ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവം പറഞ്ഞു.വന നശീകരണം, അതിവേഗമുളള നഗരവത്‌കരണം, കൃഷിയേതര ഉപയോഗം എന്നിവമൂലം കൃഷിഭൂമി നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സോയില്‍ ആന്‍ഡ്‌ ലാന്‍ഡ്‌ റിസോഴ്‌സസ്‌ ഓഫ്‌ കോലഴി പഞ്ചായത്ത്‌ എന്ന പുസ്‌തകം പഞ്ചായത്ത്‌ പ്രതിനിധി എന്‍.എ. സാബു ഗവര്‍ണറില്‍ നിന്ന്‌ ഏറ്റുവാങ്ങി. ഐഐആര്‍എസ്‌ – എഡ്യൂസാറ്റ്‌ കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റുകളും ഗവര്‍ണര്‍ വിതരണം ചെയ്‌തു.

ചടങ്ങില്‍ മന്ത്രിമാരായ കെ.പി.മോഹനന്‍, വി.എസ്‌.ശിവകുമാര്‍, മണ്ണ്‌ പരിവേക്ഷണ സംരക്ഷണ വകുപ്പ്‌ ഡയറക്ടര്‍ ഡോ.പി.എന്‍.പ്രേമചന്ദ്രന്‍, കാര്‍ഷിക സര്‍വ്വകലാശാല വൈസ്‌ചാന്‍സിലര്‍ ഡോ. പി.രാജേന്ദ്രന്‍ സോയില്‍ സര്‍വ്വേ ജോയിന്റ്‌ ഡയറക്ടര്‍ വി.കെ.സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
2015 യു.എന്‍.ജനറല്‍ അസംബ്ലി അന്താരാഷ്ട്ര മണ്ണ്‌ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ്‌ സംസ്ഥാന മണ്ണ്‌ പര്യവേക്ഷണ സംരക്ഷണവകുപ്പ്‌ ഈ സംരംഭം ആരംഭിച്ചത്‌.

കര്‍ഷകര്‍ക്ക്‌ സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ മണ്ണിനെക്കുറിച്ചുളള സൂക്ഷ്‌മതല വിവരങ്ങള്‍ 1:5000 സ്‌കെയിലില്‍ പ്രദാനം ചെയ്യുകയാണ്‌ ഈ സംരംഭത്തിന്റെ ലക്ഷ്യം. ഓരോ കൃഷിയിടത്തിലേയും ഭൂവിനിയോഗം, മണ്ണിന്റെ രചന, ആഴം, മണ്ണൊലിപ്പിന്റെ തീവ്രത, ഭൂക്ഷമത, ജലസേചനക്ഷമത, വിള അനുയോജ്യത, ഫലഭൂയിഷ്‌ഠത, അമ്ലത/ക്ഷാരത, മണ്ണിലടങ്ങിയിരിക്കുന്ന ആവശ്യ സൂക്ഷ്‌മ മൂലകങ്ങളുടെ അളവ്‌, നിലം നികത്തലിന്റെ തോത്‌ എന്നീ വിവരങ്ങള്‍ ജി.ഐ.എസ്‌. സാങ്കേതികവിദ്യയുടെ സഹായത്തോടെ 24 ലെയറുകളായി ആവിഷ്‌കരിച്ചിരിക്കുന്നു. ഈ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക്‌ വകുപ്പിന്റെ വെബ്‌സൈറ്റായ www.keralasoils.gov.in ല്‍ ലഭിക്കുന്നതാണ്‌. ഇതിന്റെ പ്രാരംഭഘട്ടമായി തൃശ്ശൂര്‍ ജില്ലയിലെ 88 പഞ്ചായത്തുകള്‍, വയനാട്‌ ജില്ലയിലെ 25 പഞ്ചായത്തുകള്‍, ഒരു മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വിവരങ്ങളാണ്‌ ലഭ്യമാക്കുന്നത്‌.