13-ാം പഞ്ചവല്‍സര പദ്ധതി: നടപടികള്‍ ആരംഭിച്ചു ;മുഖ്യമന്ത്രി

* തൊഴില്‍, സാമൂഹ്യനീതി ഉറപ്പാക്കുന്ന വികസനത്തിന്‌ ഊന്നല്‍ നല്‍കും
* രണ്ടുലക്ഷം കോടി രൂപയുടെ പദ്ധതി ലക്ഷ്യം
* വര്‍ക്കിംഗ്‌ ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്തെ വലിയ തോതില്‍ വികസനത്തിലേക്ക്‌ നയിക്കുന്ന രീതിയില്‍ പതിമൂന്നാം പഞ്ചവല്‍സരപദ്ധതി തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്‌ഥാന ആസൂത്രണ ബോര്‍ഡിന്‍െറ ആദ്യയോഗം ബോര്‍ഡ്‌ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശേഷമാണ്‌ ഇക്കാര്യം അറിയിച്ചത്‌.
തൊഴില്‍രംഗം, സാമൂഹ്യനീതിയില്‍ അധിഷ്‌ഠിതമായ വികസനം തുടങ്ങിയവയില്‍ ഊന്നല്‍ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ പഞ്ചവല്‍സര പദ്ധതി വേണ്ടെന്നുവെച്ചെങ്കിലും സംസ്‌ഥാനം ആ വഴിക്ക്‌ ആലോചിക്കുന്നില്ല. പദ്ധതി തയാറാക്കുന്നതിന്‌ മുന്നോടിയായി വിവിധ മേഖലകളില്‍ വര്‍ക്കിംഗ്‌ ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ ആസൂത്രണ ബോര്‍ഡ്‌ യോഗം തീരുമാനിച്ചിട്ടുണ്ട്‌. രണ്ടുലക്ഷം കോടി രൂപയുടെ പദ്ധതിയാണ്‌ ലക്ഷ്യം വെക്കുന്നത്‌. പദ്ധതി അടങ്കല്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളാണ്‌ നടന്നത്‌. 12ാം പദ്ധതിക്ക്‌ ഒരുലക്ഷത്തി രണ്ടായിരം കോടി രൂപയുടെ അടങ്കലാണുണ്ടായിരുന്നത്‌. അടങ്കല്‍ സംബന്ധിച്ച അന്തിമ തീരുമാനം രണ്ടുമാസത്തിനുള്ളില്‍ കൈക്കൊള്ളും. കേന്ദ്ര സ്‌കീമിന്‍െറ ഭാഗമായ തുക ഇതില്‍പ്പെടില്ല.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിന്‍െറ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സംസ്‌ഥാനം നീങ്ങും. അവയുടെ കൃത്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ആസൂത്രണബോര്‍ഡ്‌ ചര്‍ച്ച ചെയ്‌തു.
പഞ്ചവല്‍സര പദ്ധതി നടത്തിപ്പിന്‌ പ്രായോഗിക ബുദ്ധിമുട്ടുകളില്ല. ഇതിനുപുറമേ, സംഘര്‍ഷങ്ങളില്ലാതെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കും. കേന്ദ്രത്തിന്റെ `നിതി ആയോഗ്‌’ പ്രകാരം ശ്രദ്ധ നല്‍കണമെന്ന്‌ പറയുന്ന പദ്ധതികളും പ്രത്യേകമായി ശ്രദ്ധിക്കും. തൊഴിലുറപ്പ്‌ പദ്ധതി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ തുടങ്ങിയവക്ക്‌ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കും. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിനു പുറമേയാണ്‌ സംസ്‌ഥാനത്തിന്‍െറ പഞ്ചവല്‍സര പദ്ധതികള്‍ വരുന്നത്‌. രണ്ടും നടപ്പാക്കുന്നതിന്‌ പ്രത്യേകിച്ച്‌ പ്രയാസങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
പുതിയ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഫുള്‍ ബോര്‍ഡിന്‍െറ ആദ്യ സിറ്റിംഗാണ്‌ ബോര്‍ഡ്‌ ആസ്‌ഥാനത്ത്‌ ചേര്‍ന്നത്‌. മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിമാരായ ഡോ. ടി.എം. തോമസ്‌ ഐസക്‌, ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ്‌ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌, ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍, അനൗദ്യോഗിക അംഗങ്ങളായ കെ.എന്‍. ഹരിലാല്‍, ഡോ. ബി. ഇക്‌ബാല്‍, മൃദുല്‍ ഈപ്പന്‍, ആര്‍. രാമകുമാര്‍, ടി. ജയരാമന്‍, കെ. രവിരാമന്‍, മെമ്പര്‍ സെക്രട്ടറി വി.എസ്‌. സെന്തില്‍, ധനവകുപ്പ്‌്‌ അഡീ. ചീഫ്‌ സെക്രട്ടറി കെ.എം. എബ്രഹാം എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Related Articles