പ്രവാസികള്‍ക്ക്‌ ബൃഹത്‌ പദ്ധതി;മുഖ്യമന്ത്രി

പാലക്കാട്‌: വിദേശത്തു നിന്ന്‌ തൊഴില്‍ നഷ്ടപ്പെട്ട്‌ നാട്ടിലേക്ക്‌ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കളെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബൃഹദ്‌ പദ്ധതി തയ്യാറാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷൊര്‍ണൂരില്‍ അബുദാബി ശക്തി അവാര്‍ഡ്‌ വിതരണം ചെയ്‌ത്‌ സംസാരിക്കവെയാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഇക്കാര്യത്തെ കുറിച്ച്‌ സംസാരിച്ചിരുന്നതായി അദേഹം പറഞ്ഞു. ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണമെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകണമെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ പ്രവാസി വകുപ്പ്‌, നോര്‍ക്ക എന്നിവയുണ്ട്‌. അവയുടെ പ്രവര്‍ത്തനം കൂടുതല്‍ ലളിതവും വ്യാപകവുമാക്കും. പ്രവാസി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്‌ വിദേശനാണയം നേടിക്കൊടുക്കുന്ന മറ്റ്‌ വിഭാഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ നന്നായി പരിഗണിക്കുമ്പോള്‍ പ്രവാസികളെ പീഡിപ്പിക്കുകയാണെന്ന്‌ അദേഹം ആരോപിച്ചു. പ്രവാസികള്‍ക്ക്‌ സഹായകമാകുന്ന വിധത്തില്‍ കുടിയേറ്റ നിയമം സമഗ്രമായി പരിഷ്‌ക്കരിക്കണമെന്നും വിമാനയാത്രാക്കൂലിയുടെ കാര്യത്തിലും വലിയ വിഷമാണ്‌ കേരളത്തിലെ പ്രവാസികള്‍ നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും കേസില്‍പ്പെട്ട്‌ ശിക്ഷയനുഭവിച്ച ശേഷം നാട്ടിലേക്ക്‌ മടങ്ങിവരാന്‍ കഴിയാത്തവര്‍ക്ക്‌ നാട്ടിലേക്ക്‌ തിരിച്ചുവരാന്‍ വിമാന ടിക്കറ്റ്‌ ലഭ്യക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും എന്നാല്‍ എംബസി മുഖേന കൃത്യമായ നടപടി വേണം. അതിന്‌ ആവശ്യമായിട്ടുള്ള തിരുത്തല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.