സ്വകാര്യബസ് സമരം പൂര്‍ണം

കൊച്ചി: മിനിമം ചാര്‍ജ് ഒന്‍പതു രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്ക് തുടങ്ങി. ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സൂചനാ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന 2009 ജൂലായ് 14 വരെയുള്ള എല്ലാ സ്വകാര്യ ബസ് പെര്‍മിറ്റുകളും നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണം. ദേശസാത്കൃത മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് രണ്ട് രൂപയാക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ഘടനയില്‍ മാറ്റം വരുത്തിയതു പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ബസ് സമരം ജനജീവിതത്തെ കാര്യമായി ബാധിച്ചു. സമരത്തെത്തുടര്‍ന്ന് നഗരപ്രദേശങ്ങളില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമില്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ ഭാരവാഹികള്‍ അറിയിച്ചു.